ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷന്‍ 100 കോടി ഡോസ് പിന്നിട്ടതിന് പിന്നാലെ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാളവ്യ നാളെ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ യോഗം വിളിച്ചു. സമയപരിധി അവസാനിച്ചിട്ടും വാക്സിന്‍ രണ്ടാം ഡോസ് എടുക്കാത്തവരിലും ഇനിയും ആദ്യ ഡോസ് വാക്‌സിനെടുക്കാത്തവരിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള നിർദേശങ്ങള്‍ നല്‍കുന്നതിനാണ് യോഗം. ഡല്‍ഹി വിജ്ഞാന്‍ ഭവനിലാണ് ബുധനാഴ്ച യോഗം ചേരുക.

കാലാവധി കഴിഞ്ഞിട്ടും രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാത്തവരുടെ എണ്ണം വര്‍ധിച്ചുവരുന്നതിലുള്ള ആശങ്കയാണ് യോഗം വിളിക്കാന്‍ കാരണമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. സമയപരിധി കഴിഞ്ഞിട്ടും 11 കോടിയോളം ആളുകള്‍ ഇതുവരെ സെക്കന്‍ഡ് ഡോസ് വാക്‌സിന്‍ എടുത്തിട്ടില്ലെന്നാണ് വിവരം. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ യഥേഷ്ടം ലഭ്യമായിരിക്കുമ്പോഴാണ് ആളുകള്‍ ഈ വിമുഖത കാണിക്കുന്നതെന്നാണ് ആശങ്കപ്പെടുത്തുന്നത്.

ഇത്തരമൊരു സാഹചര്യം ഒഴിവാക്കുന്നതിന് കര്‍മപദ്ധതികള്‍ തയ്യാറാക്കാന്‍ നാളത്തെ യോഗത്തില്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെടും. ഒക്ടോബര്‍ 21-നാണ് രാജ്യം നൂറ് കോടി ഡോസ് വാക്‌സിന്‍ എന്ന നാഴികക്കല്ല് പിന്നിട്ടത്.

രാജ്യത്തെ 75 ശതമാനത്തോളം ആളുകള്‍ ഇതിനോടകം ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. രണ്ടു ഡോസും സ്വീകരിച്ച് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചത് 31 ശതമാനത്തോളം പേരാണ്. കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ വിതരണം സംബന്ധിച്ചും അതിന്റെ പ്രക്രിയകള്‍ സംബന്ധിച്ചും ബുധനാഴ്ചത്തെ യോഗത്തില്‍ സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി കേന്ദ്രം ചര്‍ച്ച നടത്തും.