ലഖ്നൗ: ഹാഥ്റസ് കൂട്ടബലാത്സംഗത്തിന് പിന്നിൽ ജാതി സ്പര്‍ദയാണെന്ന വാദം തെറ്റാണെന്ന് സ്ഥാപിക്കാന്‍ മെബൈൽ ഫോൺ കോളുകളുടെ വിവരങ്ങളുമായി യു.പി. പോലീസിന്റെ പുതിയ ഭാഷ്യം. തന്റെ സഹോദരന്റെ ഫോണിൽ നിന്ന് കൊല്ലപ്പെട്ട പെൺകുട്ടി കേസിലെ പ്രതികളിലൊരാളുമായി നിരന്തരം സംസാരിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. ഹാഥ്റസ് സംഭവത്തിന് പിന്നിൽ ജാതി വിവേചനമാണെന്ന ആരോപണം തള്ളാനാണ് മൊബൈൽ ഫോൺ വിവരങ്ങൾ യു.പി. പോലീസ് പുറത്തുവിട്ടത്.

സഹോദരന്റെ ഫോണിൽ നിന്ന് ഒന്നാം പ്രതിയായ സന്ദീപുമായി പെൺകുട്ടി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ കൊല്ലം ഒക്ടോബർ 13 മുതൽ 104 തവണയാണ് ഇരുവരും ഫോൺവഴി സംസാരിച്ചത്. പ്രതികളും പെൺകുട്ടിയും തമ്മിൽ നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഫോൺ വിവരങ്ങളെന്നാണ് പോലീസ് പറയുന്നത്.

ഈ കോളുകൾ പലതും പോയിരിക്കുന്നത് പെൺകുട്ടിയുടെ ഗ്രാമത്തിന് രണ്ടുകിലോമീറ്റർ സമീപത്തുള്ള ചാന്ദ്പായിലെ മൊബൈൽ ടവർ ലൊക്കേഷന്റെ പരിധിയിൽ നിന്നാണ്. പെൺകുട്ടിയുടെ സഹോദരന്റെ ഫോണിൽ നിന്ന് മുഖ്യപ്രതിയായ സന്ദീപിനെ 62 തവണയും വിളിച്ചിട്ടുണ്ട്. കൂടാതെ 42 തവണ സന്ദീപിന്റെ ഫോണിൽ നിന്ന് തിരിച്ചും കോളുകൾ വന്നുവെന്നും കോൾ റെക്കോർഡുകൾ ചൂണ്ടിക്കാട്ടി യു.പി. പോലീസ് വിശദീകരിക്കുന്നു.

അതേസമയം സന്ദീപും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് പ്രതികളുടെ ബന്ധുക്കളും ആരോപിച്ചിട്ടുണ്ട്. ജാതി സംഘർഷം ഉണ്ടാക്കാൻ രാഷ്ട്രീയക്കാർ പെൺകുട്ടിയുടെ കുടുംബത്തെ ഉപയോഗപ്പെടുത്തുകയാണ്. സത്യം പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പ്രതികളെ അനുകൂലിക്കുന്ന ഉന്നത ജാതിക്കാർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.