ചെന്നൈ: സിബിഐയ്ക്കെതിരെ മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം. സിബിഐ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന സ്വർണം കാണാതായ സംഭവത്തിൽ തമിഴ്നാട് പോലീസ് അന്വേഷണം നടത്തുന്നത് സിബിഐയുടെ അന്തസ്സിന് കോട്ടം വരുത്തുന്നതാണെന്ന അഭിഭാഷകന്റെ വാദത്തിനെതിരെ സിബിഐയ്ക്ക് മാത്രമായി പ്രത്യേക കൊമ്പുകളുണ്ടോയെന്നും പോലീസിന് വാൽ മാത്രമാണോ ഉള്ളതെന്നും കോടതി ചോദിച്ചു.

2012 ൽ സുരാന കോർപറേഷൻ ലിമിറ്റഡ് കമ്പനിയുടെ ചെന്നൈയിലെ ഓഫീസിൽ നിന്ന് സിബിഐ റെയ്ഡിനിടെ പിടിച്ചെടുത്ത 400.47 കിലോഗ്രാം സ്വർണത്തിൽ നിന്ന് 103 കിലോഗ്രാം സ്വർണം കാണാതായതിനെ തുടർന്നാണ് കോടതി പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടത്.

പ്രാഥമിക അന്വേഷണ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കാൻ സിബി-സിഐഡിയോടാവശ്യപ്പെട്ട ജഡ്ജി ജസ്റ്റിസ് പി എൻ പ്രകാശ് സിബിഐയ്ക്ക് ഇതൊരു അഗ്നിപരീക്ഷയാണെന്നും സിബിഐയുടെ കരങ്ങൾ സീതയെ പോലെ പരിശുദ്ധമാണെങ്കിൽ പരീക്ഷയിൽ വിജയിക്കുമെന്നും മറിച്ചാണെങ്കിൽ ഗുരുതരപ്രത്യാഘാതം നേരിടേണ്ടി വരുമെന്നും വ്യക്തമാക്കി.

സ്വർണം, വെള്ളി തുടങ്ങിയവയുടെ ഇറക്കുമതി വ്യാപാരം നടത്തി വരുന്ന സുരാന കമ്പനിയ്ക്ക് വേണ്ടി മിനറൽസ് ആൻഡ് മെറ്റൽസ് ഗ്രേഡിങ് കോർപറേഷൻ ഓഫ് ഇന്ത്യയിലെ ചില ഉദ്യോഗസ്ഥർ ഒത്താശകൾ ചെയ്തു കൊടുക്കുന്നതായി ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നായിരുന്നു സിബിഐ അന്വേഷണം. കമ്പനിയുടെ ഓഫീസിൽ നിന്ന് സ്വർണം പിടിച്ചെടുത്ത് ലോക്കറുകൾ സീൽ ചെയ്ത ശേഷം താക്കോലുകൾ പ്രത്യേക കോടതിയ്ക്ക് കൈമാറിയതായാണ് സിബിഐയുടെ അവകാശവാദം.

സ്വർണം ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡിന് കൈമാറാൻ സിബിഐ പ്രത്യേകകോടതി നിർദേശിച്ചെങ്കിലും സുരാന കമ്പനിയുടെ അപേക്ഷയെ തുടർന്ന് മദ്രാസ് ഹൈക്കോടതി സ്വർണകൈമാറ്റം തടഞ്ഞിരുന്നു. സുരാന കമ്പനി വരുത്തിയ 1,160 കോടി രൂപയുടെ വായ്പാക്കുടിശ്ശിക ചൂണ്ടിക്കാട്ടി സ്വർണം വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് ബാങ്ക് പ്രത്യേക കോടതിയെ സമീപിച്ചിരുന്നു.

സിബിഐ ഇതിൽ എതിർപ്പ് അറിച്ചെങ്കിലും വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ പിന്തുണയോടെ സുരാന കമ്പനി സമർപ്പിച്ച അപേക്ഷ പരിഗണിച്ച്  സ്വർണം വായ്പാക്കുടിശ്ശികയുള്ള ആറ് ബാങ്കുകൾക്ക് വിതരണം ചെയ്യാൻ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ 2019 ഡിസംബറിൽ ഉത്തരവിട്ടു. ബാങ്ക് പ്രതിനിധികളുടെ സാന്നിധ്യത്തിൽ 2020 ഫെബ്രുവരിയിൽ ലോക്കറുകൾ തുറന്ന് നടത്തിയ പരിശോധനയിലാണ് സ്വർണത്തിന്റെ കുറവ് കണ്ടെത്തിയത്.

അളവുയന്ത്രങ്ങളിലെ മാറ്റമാണ് ഈ വ്യതിയാനത്തിന് കാരണമെന്നായി സിബിഐയുടെ വാദം. എന്നാൽ കാലക്രമേണ ചുരുങ്ങി 100 കിലോയോളം ഭാരം കുറയാൻ സ്വർണമെന്താ കഞ്ചാവാണോന്ന് കോടതി പരിഹസിച്ചു. കേസിൽ പ്രത്യേക കോടതി ജഡ്ജിയേയും പ്രോപർട്ടി ക്ലർക്കിനേയും സസ്പെൻഡ് ചെയ്യാമെന്നും വേണമെങ്കിൽ അറസ്റ്റ് ചെയ്യാമെന്നും ഹൈക്കോടതി പ്രസ്താവിച്ചു. എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണം നടത്തി ആറ് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് സിബി-സിഐഡിയോട് കോടതി നിർദേശിച്ചു.

Content Highlights: Tamil Nadu100 kg gold missing from CBI custody HC orders police probe