പ്രതീകാത്മക ചിത്രം | ഫോട്ടോ: എൻ.എ. നസീർ
ഭോപ്പാല്‍: പത്ത് വയസ്സുകാരനെ വിഴുങ്ങിയെന്നാരോപിച്ച് ജനക്കൂട്ടം മുതലയെ പിടികൂടി ബന്ധിച്ചു. വയറു കീറി കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമം വിജയിക്കാതെ വന്നതോടെ പോലീസിന്റെ ഇടപെടലിന് ഒടുവില്‍ നാട്ടുകാര്‍ മുതലയെ മോചിപ്പിച്ചു. മധ്യപ്രേദശിലെ ഷിയോപുരില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം.
ചംബല്‍ നദിയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അന്ദര്‍ സിങ് എന്ന കുട്ടിയെ കാണാതാകുന്നത്. കുട്ടിയെ മുതല പിടികൂടിയെന്നും നദിയുടെ ആഴങ്ങളിലേക്ക് വലിച്ചുകൊണ്ടുപോയി ഭക്ഷണമാക്കിയെന്നുമാണ് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവം അറിഞ്ഞ് ഗ്രാമവാസികള്‍ തടിച്ചുകൂടുകയും വലയും കയറും മറ്റും ഉപയോഗിച്ച് മുതലയെ പിടികൂടുകയും ചെയ്തു.
പുഴയില്‍നിന്ന് കരയില്‍ കയറ്റിയ മുതലയെ ബന്ധിച്ച ശേഷം അതിന്റെ വയര്‍ കീറി കുട്ടിയെ പുറത്തെടുക്കാനായിരുന്നു ഗ്രാമവാസികളുടെ ശ്രമം. സംഭവമറിഞ്ഞ് പോലീസും വന്യജീവി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തുകയും മുതലയെ കൊല്ലരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. മുതലയെ ഗ്രാമവാസികളുടെ പിടിയില്‍നിന്ന് മോചിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും കുട്ടിയുടെ ബന്ധുക്കള്‍ അതിന് തയ്യാറായില്ല.
മുതലയുടെ വയറ്റില്‍നിന്ന് കുട്ടിയെ ജീവനോടെ പുറത്തെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് അവര്‍ മുതലയെ മോചിപ്പിക്കാന്‍ തയ്യാറാകാതിരുന്നതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ വൈകുന്നേരംവരെ കാത്തുനിന്നിട്ടും ഫലമുണ്ടാകാതെ വന്നതോടെ ഗ്രാമവാസികള്‍ മുതലയെ മോചിപ്പിച്ചതായും രഘുനാഥ്പുര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്യാംവീര്‍ സിങ് പറഞ്ഞു.
കുളിക്കാനിറങ്ങിയ കുട്ടി പുഴയില്‍ മുങ്ങിപ്പോയതാവാനാണ് സാധ്യതയെന്നും മുതല വിഴുങ്ങിയെന്ന് കരുതുന്നില്ലെന്നും പോലീസ് പറഞ്ഞെങ്കിലും നാട്ടുകാര്‍ അത് അംഗീകരിച്ചില്ല. കുട്ടിക്കായി പോലീസും ദുരന്തനിവാരണ സേനയും രാത്രിവരെ പുഴയിലും പരിസരത്തും തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..