ന്യൂഡല്‍ഹി: ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികള്‍ക്ക് ചെലവഴിക്കാന്‍ കഴിയുന്ന തുകയുടെ പരിധി ഉയര്‍ത്തി. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ആലോചിച്ച് കേന്ദ്ര സര്‍ക്കാരാണ് പ്രചാരണ ചെലവിന്റെ പരിധി പത്ത് ശതമാനം ഉയര്‍ത്തിയത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് ചെലവഴിക്കാന്‍ കഴിയുന്ന തുകയുടെ പരിധി 70 ലക്ഷത്തില്‍നിന്ന് 77 ലക്ഷമായാണ് ഉയര്‍ത്തിയിട്ടുള്ളത്. ചെറിയ സംസ്ഥാനങ്ങളുടെ കാര്യത്തില്‍ പരിധി 54 ലക്ഷത്തില്‍നിന്ന് 59 ലക്ഷമായി ഉയര്‍ത്തി. 

നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പരിധി 28 ലക്ഷത്തില്‍നിന്ന് 30.8 ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്. പ്രചാരണ ചെലവിന്റെ പരിധി 20 ലക്ഷമായി നിശ്ചയിച്ചിരുന്ന സംസ്ഥാനങ്ങളില്‍ അത് 22 ലക്ഷമായി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും കേന്ദ്ര നിയമ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. 

കോവിഡ് വ്യാപനത്തിനിടെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പും പല സംസ്ഥാനങ്ങളിലും ഉപതിരഞ്ഞെടുപ്പുകളും വരാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. കോവിഡ് പശ്ചാത്തലത്തില്‍ സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചെലവിന്റെ പരിധി പത്ത് ശതമാനം ഉയര്‍ത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. ജനങ്ങള്‍ കൂട്ടംകൂടുന്നതിന് വിലക്കുള്ള സാഹചര്യത്തിലായിരുന്നു ഇത്. സ്ഥാനാര്‍ഥികള്‍ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടത്തേണ്ടതിനാല്‍ പരിധി ഉയര്‍ത്തണമെന്നായിരുന്നു കമ്മീഷന്റെ ശുപാര്‍ശ. 

എന്നാല്‍, കോവിഡ് സാഹചര്യം കണക്കിലെടുത്താണോ പ്രചാരണ ചെലവിന്റെ പരിധി ഉയര്‍ത്തിയിട്ടുള്ളത് എന്നകാര്യം ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.  കോവിഡ് പ്രതിസന്ധിക്കിടെ നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മാത്രമാണോ തീരുമാനം ബാധകമാവുക എന്നകാര്യത്തിലും വ്യക്തതയില്ല. 2014 ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പാണ് ഇതിനുമുമ്പ് പ്രചാരണ ചെലവിന്റെ പരിധി ഉയര്‍ത്തിയിട്ടുള്ളത്.

Content Highlights: 10% hike in expenditure limits for Lok Sabha and Assembly polls