ന്യൂഡല്‍ഹി: പിഎം കെയേഴേ്‌സ് ഫണ്ട് ഉപയോഗിച്ച് ഒരു ലക്ഷം ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ സംഭരിക്കുമെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ ലഭ്യത വര്‍ധിപ്പിക്കാന്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ മന്ത്രാലയം വിശദീകരിച്ചു.

'5805 മെട്രിക് ടണ്‍ ദ്രാവക ഓക്‌സിജന്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. 7049 മെട്രിക് ടണ്‍ സംഭരണശേഷിയുളള 374 ടാങ്കറുകളും രാജ്യത്ത് എത്തിച്ചിട്ടുണ്ട്. 1407 മെട്രിക് ടണ്‍ സംഭരണശേഷിയുളള 81 കണ്ടെയ്‌നറുകള്‍ വ്യോമസേനയുടെ സഹായത്തോടെ ഇറക്കുമതി ചെയ്തിട്ടുണ്ട്. 637എല്‍എംഒ ടാങ്കറുകള്‍ എത്തിക്കുന്നതിനായി പ്രത്യേക 157 ഓക്‌സിജന്‍ തീവണ്ടികളുണ്ട്', ആഭ്യന്തരമന്ത്രാലയത്തെ ഉദ്ധരിച്ച് എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. 

സ്റ്റീല്‍ മേഖലയില്‍ നിന്ന് പ്രതിദിനം 630 മെട്രിക് ടണ്‍, എസ്എംഇ മേഖലയിലെ എയര്‍സെപ്പറേഷന്‍ യൂണിറ്റുകളില്‍ നിന്ന് പ്രതിദിനം 663 മെട്രിക് ടണ്‍ എന്നിങ്ങനെ ഉത്പാദനം വർധിപ്പിച്ചിട്ടുണ്ട്. അത്യാവശ്യമല്ലാത്ത വ്യാവസായികാവശ്യങ്ങള്‍ക്കായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നത് നിരോധിച്ചു.

ഏകദേശം 5805 മെട്രിക് ടണ്‍ ദ്രാവക ഓക്‌സിജനാണ് നിലവില്‍ ഇറക്കുമതി ചെയ്യുന്നത്. 3440 മെട്രിക് ടണ്‍ യുഎഇയില്‍ നിന്നും 1505 മെട്രിക് ടണ്‍ കുവൈത്തില്‍ നിന്നും 600 മെട്രിക് ടണ്‍ ഫ്രാന്‍സില്‍ നിന്നും 200 മെട്രിക് ടണ്‍ സിങ്കപ്പൂരില്‍ നിന്നും 60 മെട്രിക് ടണ്‍ ഫ്രാന്‍സില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്. എവിടെയാണോ വിതരണത്തിന് സാധ്യമായിട്ടുളളത് അവിടെ നിന്ന് ഇറക്കുമതി ചെയ്യുന്നതിനായി ഒരു ഫാസ്റ്റ് ട്രാക്ക് സംവിധാനം നിലവിലുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Content Highlights:1 lakh concentrators being procured under PM CARES Fund