ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായ എച്ച് ഡി കുമാരസ്വാമിയുടെ ഗ്രാമത്തിലേക്കുള്ള യാത്ര കെഎസ്ആര്‍ടിസിയിലായിരുന്നു . അവിടെ സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു താമസം. കിടക്ക പോലും തനിക്ക് വേണ്ടെന്ന പറഞ്ഞ് പായയില്‍ കിടന്നു അദ്ദേഹം, ആ ചിത്രവും പത്രങ്ങളായ പത്രങ്ങളില്‍ അച്ചടിച്ചു വന്നു. ഗ്രാമങ്ങളെ അറിയുന്നതിന്റെ ഭാഗമായി ചന്ദര്‍കി ഗ്രാമത്തിലേക്കു അദ്ദേഹം നടത്തിയ ഈ ലളിത യാത്രയ്ക്ക വേണ്ടി ഒരു ദിവസം ചിലവാക്കിയത് ഒരു കോടി രൂപയാണെന്ന് റിപ്പോര്‍ട്ട്‌.

25 ലക്ഷം രൂപ അദ്ദേഹത്തിന്റെയും പരിവാരത്തിന്റെയും ഭക്ഷണത്തിന് മാത്രം ചിലവായി. യാദ്ഗിര്‍ ജില്ലയിലെ വിവിധ ഭാഗത്ത് നിന്നുള്ളവരുണ്ടായിരുന്നു ഗ്രാമസന്ദർശനത്തിൽ പങ്കാളികളായത്. 25000 പേര്‍ക്ക് വേണ്ടി ഭക്ഷണം ഒരുക്കി എന്ന് പറയുമ്പോഴും കഴിക്കാന്‍ 15,000 പേരെ ഉണ്ടായിരുന്നുള്ളൂ. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മറ്റുദ്യോഗസ്ഥര്‍ക്കുമായി അത്താഴം ഒരുക്കിയിരുന്നു. പ്രഭാത ഭക്ഷണ ചിലവും ഈ 25 ലക്ഷത്തില്‍ ഉള്‍പ്പെടും. 

ജനങ്ങളുടെ നിവേദനങ്ങളും മറ്റും സ്വീകരിക്കുന്നതിനായി താത്ക്കാലിക ഓഫീസ് തയ്യാറാക്കാനാണ് 25 ലക്ഷം രൂപ വേറെ ചിലവായത്. സ്‌റ്റേജിനും അതുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ക്കുമാണ് 50 ലക്ഷം രൂപ ചിലവായത്. 

ജനതാ ദര്‍ശന്‍ യാത്രയില്‍ കുമാരസ്വാമി 4000 ആളുകളെ കണ്ടിരുന്നു. ഇതുകൂടാതെ ഓണ്‍ലൈന്‍ ആയി നിവേദനങ്ങള്‍ നല്‍കിയവര്‍ 18,000ത്തോളം വരും.

ഗ്രാമപ്രദേശങ്ങളില്‍ താമസിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങളും പരാതികളും നേരിട്ടറിയുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി ഗ്രാമവാസ്തവ്യ പരിപാടി നടത്തുന്നത്. നേരത്തേ കുമാരസ്വാമി മുഖ്യമന്ത്രിയായിരുന്ന സമയത്താണ് 'ഗ്രാമവാസ്തവ്യ' പരിപാടി ആദ്യം ആരംഭിച്ചത്. അന്ന് ഏറെ ജനപ്രീതി ലഭിച്ച പരിപാടി ഇത്തവണ മുഖ്യമന്ത്രിയായപ്പോഴും തുടരാന്‍ കുമാരസ്വാമി തീരുമാനിക്കുകയായിരുന്നു.

 

content highlights: 1 crore spent in 24 hours, Karnataka CM Kumaraswamy's Village stay expense