തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങി വരുന്നതിന് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത പ്രവാസിമലയാളികളുടെ എണ്ണം 5.34 ലക്ഷമായി. നോര്‍ക്ക റൂട്ട്‌സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം.

വിദേശ രാജ്യങ്ങളില്‍നിന്ന് മടങ്ങി വരുന്നതിനായി 3.98 ലക്ഷം പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 1.36 ലക്ഷം പേരും  നോര്‍ക്കയില്‍  ഇതിനോടകം രജിസ്റ്റര്‍ ചെയ്തു. രജിസ്റ്റര്‍ ചെയ്തവരുടെ പേര് വിവരം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും അതത് രാജ്യത്തെ എംബസികള്‍ക്കും അയച്ചുകൊടുക്കും. നേരത്തേ പ്രഖ്യാപിച്ചിരുന്ന വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനും അഭ്യര്‍ഥിക്കും.
 
ഏറ്റവും കൂടുതല്‍ വിദേശ പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് യു.എ.ഇയില്‍ നിന്നാണ്. ഇവിടെനിന്ന് ഇന്നുവരെ 175423 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സൗദി അറേബ്യയില്‍ നിന്ന് 54305 പേരും യു.കെയില്‍ നിന്ന് 2437 പേരും അമേരിക്കയില്‍ നിന്ന് 2255 പേരും യുക്രൈയിനില്‍ നിന്ന് 1958 പ്രവാസികളും മടങ്ങി വരുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
  
ഇതര സംസ്ഥാന പ്രവാസികളില്‍ കര്‍ണാടകയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അവിടെനിന്നും 44871 പേരാണ് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നത്. തമിഴ്നാട് (41425) മഹാരാഷ്ട്ര (19029) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍.

Content Highlights: 1.36 lakhs expatriates to return from foreign countries