ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്-19 കേസുകള്‍ കുത്തനെ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് ഇത്.
24 മണിക്കൂറിനിടെ 59,258 പേര് രോഗമുക്തി നേടി. 685 പേര് രോഗബാധയെ തുടര്‍ന്ന് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,29,28,574 ആയി ഉയര്‍ന്നു. ഇതുവരെ 1,18,51,393 പേര് രോഗമുക്തി നേടി. നിലവില്‍ 9,10,319 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണം 1,66,862 ആയി.
9,01,98,673 പേര് ഇതുവരെ കോവിഡ് വാക്സിന് സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 25,26,77,379 സാംപിളുകളാണ് ഇതുവരെ പരിശോധിച്ചത്.
India reports 1,26,789 new #COVID19 cases, 59,258 discharges, and 685 deaths in the last 24 hours, as per the Union Health Ministry
— ANI (@ANI) April 8, 2021
Total cases: 1,29,28,574
Total recoveries: 1,18,51,393
Active cases: 9,10,319
Death toll: 1,66,862
Total vaccination: 9,01,98,673 pic.twitter.com/EDiGfB5kA3
പുതിയ രോഗികളില്‍ 81 ശതമാനവും മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കര്‍ണാടക, യു.പി., ഡല്‍ഹി, മധ്യപ്രദേശ്, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലാണ്. ഗുജറാത്ത്, ഹരിയാണ, രാജസ്ഥാന് എന്നിവിടങ്ങളിലും രോഗവ്യാപനം കൂടുകയാണ്. കോവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹി, പഞ്ചാബ്, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ കര്‍ഫ്യു ഉള്‍പ്പെടെയുള്ള കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.
ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. യുഎസ്, ബ്രസീല്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ള ആദ്യ രണ്ട് രാജ്യങ്ങള്‍.