ന്യൂഡല്‍ഹി: കടുത്ത പുകമഞ്ഞു മൂലം ദുരിതമനുഭവിക്കുന്ന ഡല്‍ഹിക്ക് യാഗത്തിലൂടെ ആശ്വാസവുമായെത്തുകയാണ് ഒരു സ്വാമി. 'പരിസ്ഥിതി ബാബ' (Environment Baba) എന്നറിയപ്പെടുന്ന ആനന്ദ് വിഭൂഷിത് അവധൂത് ബാബ അരുണഗിരി മഹാരാജ് എന്ന സംന്യാസിയാണ് യാഗം നടത്തി ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം തടയാമെന്ന അവകാശവാദവുമയി രംഗത്തെത്തിയിരിക്കുന്നത്. 

അന്തരീക്ഷ മലിനീകരണം തടയുന്നതിന് ബസില്‍ സംവിധാനം ചെയ്തിരിക്കുന്ന തന്റെ രഥത്തില്‍ വൈഷ്‌ണോദേവി മുതല്‍ കന്യാകുമാരി വരെയുള്ള 4,500 കിലോമീറ്റര്‍ പര്യടനത്തിന് പുറപ്പെട്ടിരിക്കുകയാണ് പരിസ്ഥിതി ബാബ. 'യാഗ ഹരിത് പദയാത്ര' എന്ന് പേരിട്ടിരിക്കുന്ന ഈ യാത്രയില്‍ ആര്‍എസ്എസ് നേതാവ്  ഇന്ദ്രേഷ് കുമാറും പങ്കെടുക്കുന്നുണ്ട്. 

ഹിമാലയത്തിലെ ചില പ്രദേശങ്ങളില്‍ കാണപ്പെടുന്ന ചില പ്രത്യേക ഇനം ഔഷധ സസ്യങ്ങള്‍ യാഗാഗ്നിയില്‍ ഹോമിക്കുന്നതോടെ ഡല്‍ഹിയിലെ കടുത്ത പരിസ്ഥിതി മലിനീകരണത്തിന് പരിഹാരമാകുമെന്നാണ് ഋഷികേശില്‍നിന്നുള്ള ഈ സംന്യാസി അവകാശപ്പെടുന്നത്. 

ഈ യാഗത്തിലൂടെ പരമാത്മാക്കൾക്ക് അര്‍പ്പണം നടത്തി പരിസ്ഥിതിയെ ശുദ്ധീകരിക്കാം. മുപ്പത്തി മുക്കോടി ദൈവങ്ങളെയും യാഗം തൃപ്തിപ്പെടുത്തും. വിദേശങ്ങളില്‍ ഈ രീതിയില്‍ ഭൂമികുലുക്കം പോലുള്ള പ്രകൃതി ദുരന്തങ്ങളെയും ചിക്കന്‍ഗുനിയ പോലുള്ള പകര്‍ച്ചവ്യാധികളെയും തടയുന്നതിനുള്ള യാഗങ്ങള്‍ നടത്തിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യാഗത്തിലര്‍പിക്കുന്ന ഇത്തരം ഔഷധങ്ങള്‍ക്ക് മലിനീകരണം തടയാനുള്ള കഴിവ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇപ്പോള്‍ ഛണ്ഡീഗഡിലുള്ള ഇന്ദ്രേഷ് കുമാര്‍ യാഗങ്ങളില്‍ അടുത്ത ദിവസം മുതല്‍ പങ്കുചേരും. ഡല്‍ഹിയുടെ മേല്‍ വന്നുപതിച്ചിരിക്കുന്ന മലിനീകരണത്തിന്റെ ഈ ഭൂതത്തെ നേരിടുന്നതിന് മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതു മുതല്‍ യാഗങ്ങള്‍ വരെ വ്യത്യസ്ത മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടി വരുമെന്ന് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. രാസമാലിന്യങ്ങള്‍ അടങ്ങിയ വെള്ളത്തില്‍ ഗോമൂത്രവും ഔഷധ സസ്യങ്ങളും കലര്‍ത്തിയാല്‍ ആ ജലം മാലിന്യങ്ങളകന്ന് ശുദ്ധമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആധുനിക ജീവിതം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരമ്പരാഗതമായ മാര്‍ഗ്ഗങ്ങളിലൂടെ പരിഹാരം നിര്‍ദ്ദേശിക്കുന്നതിനായി ഡെല്‍ഹി നഗരത്തില്‍ പ്രചാരണം നടത്തുകയാണ് അരുണ്‍ഗിരി മഹാരാജ്. ഓടുന്ന വാഹനത്തില്‍ ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന യാഗം നടത്തി നഗരത്തിലൂടെ സഞ്ചരിക്കാനാണ് പരിസ്ഥിതി ബാബ ഉദ്ദേശിക്കുന്നത്.