അഹമ്മദാബാദ്: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 'V' ആകൃതിയില്‍ തിരിച്ചുവരുകയാണെന്നും ലോകം ഏറെ ആശ്ചര്യത്തോടെയാണ്  ഇത് വീക്ഷിക്കുന്നതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 

'കൊറോണ വൈറസ് വ്യാപനം ലോകത്തെ എല്ലാ രാജ്യങ്ങളുടെയും സാമ്പത്തികരംഗത്തെ ബാധിച്ചു. എന്നാല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ V ആകൃതിയിലുള്ള തിരിച്ചുവരവ് ലോകരാജ്യങ്ങള്‍ ആശ്ചര്യത്തോടെ നോക്കികാണുകയാണ് '- അമിത് ഷാ പറഞ്ഞു. ഗുജറാത്തിലെ ഷിലാജിലുള്ള പുതിയ നാലുവരി മേല്‍പ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വീഡിയോ കോണ്‍ഫറസിലൂടെ സംസാരിക്കവെയാണ് മന്ത്രിയുടെ പ്രതികരണം. 

കോവിഡ് വാക്‌സിനേഷന്‍ യജ്ഞം മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്. എല്ലാവരും വാക്‌സിന്‍ എടുത്തുകഴിഞ്ഞാന്‍ കോവിഡിനെതിരേയുള്ള പോരാട്ടത്തില്‍ നമ്മള്‍ വിജയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സര്‍ക്കാര്‍ കഠിനമായി പരിശ്രമിക്കുകയാണ്. രാജ്യത്തെ അടിസ്ഥാന സൗകര്യമേഖലയില്‍ എന്‍ഡിഎ അധികാരത്തിലെത്തുന്നതിന് മുമ്പുള്ള 20 വര്‍ഷക്കാലം ഉണ്ടായതിനെക്കാള്‍ കൂടുതല്‍ വികസനങ്ങള്‍ കഴിഞ്ഞ ആറ് വര്‍ഷം മോദിയുടെ ഭരണത്തിന് കീഴില്‍ നടന്നുവെന്നും അമിത് ഷാ പറഞ്ഞു. 

ഇന്ത്യയില്‍ പത്ത് കോടി കുടുംബങ്ങള്‍ക്ക് സ്വന്തമായി വീടില്ലായിരുന്നു. കുറഞ്ഞ വരുമാനമുള്ളവര്‍ക്കുള്ള വീടുകളുടെ നിര്‍മാണം നടക്കുകയാണ്. 2022ഓടെ രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും വീട് ലഭിക്കുമെന്ന് ഉറച്ച പ്രതീക്ഷയുണ്ട്. എല്ലാ വീടുകളിലേക്കും പൈപ്പ് വെള്ളം എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ അടുത്ത വലിയ പദ്ധതിയെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

content highlights: "World Surprised At Indian Economy's V-Shaped Recovery": Amit Shah