ന്യൂഡല്‍ഹി: രാജ്യസഭാ എംപിയായി തന്നെ നാമനിര്‍ദേശം ചെയ്തത് സ്വീകരിക്കുമെന്ന് മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. സത്യപ്രതിജ്ഞ ചെയ്ത ശേഷം നാമനിര്‍ദ്ദേശം സ്വീകരിച്ചതിനെക്കുറിച്ച് സംസാരിക്കുമെന്നും ഗൊഗോയ് പറഞ്ഞു. ഗുവഹാട്ടിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഞാന്‍ മിക്കവാറും നാളെ ഡല്‍ഹിയിലേക്ക് പോകും. ഞാന്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്യട്ടെ, എന്നിട്ട് ഇത് സ്വീകരിച്ചത് സംബന്ധിച്ച് മാധ്യമങ്ങളോട് വിശദമായി സംസാരിക്കാം' ഗൊഗോയ് പറഞ്ഞു.

13 മാസത്തോളം സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ഗൊഗോയ് കഴിഞ്ഞ നവംബറിലാണ് വിരമിച്ചത്. അയോധ്യ ഭൂമി തര്‍ക്കമടക്കമുള്ള സുപ്രധാന കേസുകളില്‍ അദ്ദേഹം വിധി പ്രസ്താവിച്ചിട്ടുണ്ട്. 

കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. ഗൊഗോയിക്ക് രാജ്യസഭാ സീറ്റ് നല്‍കുന്നതില്‍ വ്യാപക ആക്ഷേപങ്ങള്‍ നിലനില്‍ക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Content Highlights: "Will Speak After Oath": Ex-Chief Justice Gogoi On Rajya Sabha Nomination