ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദയുടെ നേതൃത്വത്തില്‍ നടത്തിയ സുപ്രധാന സര്‍വക്ഷി യോഗം അവസാനിച്ചു. ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാന്‍ താന്‍ പ്രതിജ്ഞബദ്ധനാണെന്ന് മോദി ഉറപ്പ് നല്‍കിയതായി മൂന്ന് മണിക്കൂറോളം നീണ്ട സര്‍വകക്ഷിയോഗത്തിന് ശേഷം നേതാക്കള്‍ പ്രതികരിച്ചു.

നിര്‍ണായക യോഗത്തില്‍ ഡല്‍ഹിയില്‍ നിന്നും ഹൃദയത്തില്‍ നിന്നുമുള്ള ദൂരം വേഗത്തില്‍ ഒഴിവാക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രധാനന്ത്രി കശ്മീര്‍ നേതാക്കളോട് പറഞ്ഞു.

കശ്മീരിന്റെ പുരോഗതിയും ഭാവിയും ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ച യോഗത്തില്‍ പങ്കെടുത്ത എല്ലാ നേതാക്കളില്‍ നിന്നും പ്രധാനമന്ത്രി നിര്‍ദേശങ്ങള്‍ കേട്ടു. പങ്കെടുത്ത എല്ലാവരും സത്യസന്ധമായ അഭിപ്രായങ്ങള്‍ പങ്കുവെച്ചതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

നാല് മുഖ്യമന്ത്രിമാര്‍ ഉള്‍പ്പടെ എട്ട് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള 14 നേതാക്കള്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും യോഗത്തിലുണ്ടായിരുന്നു.

രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കപ്പെട്ട ശേഷം ജമ്മുകശ്മീരിനെ ആദ്യമായി തിരഞ്ഞെടുപ്പിന് പ്രപ്തമാക്കുന്നതിനായി മണ്ഡല പുനക്രമീകരണങ്ങള്‍ നടത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ജില്ലാ വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പ് വിജയകരമായി നടത്തിയത് പോലെ നിയമസഭാ തിരഞ്ഞെടുപ്പും നടത്താന്‍ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

2019 ഓഗസ്ത് 5 നാണ് കേന്ദ്രസര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിക്കുകയും ജമ്മു ആന്‍ഡ് കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തത്. മുന്‍ മുഖ്യമന്ത്രിമാരെയടക്കമുള്ള കശ്മീരിലെ രാഷ്ട്രീയ നേതാക്കളെ തടങ്കലിലാക്കിയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഈ നടപടികളിലേക്ക് കടന്നത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് നേതാക്കളെ മോചിപ്പിച്ചത്. ഇതിന് ശേഷം ആദ്യമായിട്ടാണ് കശ്മീര്‍ നേതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ കൂടിയാലോചന നടത്തുന്നത്.