ന്യൂഡല്‍ഹി: ഒരു കമ്പനിക്കും പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരില്ലെന്നും എല്ലാവരും അഭിവൃദ്ധിപ്രാപിക്കുമെന്നും ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍. രാജ്യത്തെ ടെലികോം രംഗത്തെ പ്രതിസന്ധി സംബന്ധിച്ചായിരുന്നു നിര്‍മലാ സീതാരാമന്റെ പ്രതികരണം. മുന്‍നിര ടെലികോം കമ്പനികളില്‍ ജിയോ ഒഴികെയുള്ള എല്ലാ ടെലികോം കമ്പനികളും സെപ്റ്റംബര്‍ പാദത്തില്‍ വന്‍ നഷ്ടമാണ് രേഖപ്പെടുത്തിയത്.

ടെലികോം മേഖലയിലെ പിരിമുറുക്കം പഠിക്കാന്‍ രൂപീകരിച്ച സെക്രട്ടറിതല സമിതി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.

നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതിലെ പോരായ്മകള്‍, നയരൂപവത്കരണത്തിലെ പാളിച്ചകള്‍, കോര്‍പറേറ്റ് ലോബിക്ക് അനുകൂലമായി നടപ്പാക്കിയ തീരുമാനങ്ങള്‍, നീതിരഹിതമായ മത്സരരീതികള്‍ എന്നിവയാണ് ഇന്ത്യന്‍ ടെലികോം മേഖലയുടെ നട്ടെല്ലൊടിച്ചത്. ഇന്ത്യയില്‍ കോടിക്കണക്കിനുരൂപ നിക്ഷേപിച്ചശേഷം പത്തുകമ്പനികള്‍ക്കെങ്കിലും പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തിപ്പോകേണ്ടിവന്നു.

കോളുകള്‍ സൗജന്യമാക്കി റിലയന്‍സ് ജിയോ രംഗപ്രവേശംചെയ്തതോടെ അന്നുണ്ടായിരുന്ന എയര്‍ടെല്ലും ഐഡിയയും വോഡഫോണും നിരക്കുകുറയ്ക്കാന്‍ നിര്‍ബന്ധിതരായി. ഇതിനൊപ്പം സ്പെക്ട്രം ലൈസന്‍സിനായി എടുത്ത വായ്പകളും സര്‍ക്കാരിലേക്കുനല്‍കേണ്ട ഫീസുകളുംകൂടിയായപ്പോള്‍ പിടിച്ചുനില്‍ക്കാനാകാത്ത സ്ഥിതിയിലായി. വോഡഫോണും ഐഡിയയും പരസ്പരം ലയിച്ചെങ്കിലും പ്രതിസന്ധിക്ക് അയവുണ്ടായില്ല.

ക്രമീകരിച്ച മൊത്തവരുമാനവിഷയത്തില്‍(എ.ജി.ആര്‍.) ഒക്ടോബര്‍ 24-ന് സുപ്രീംകോടതിവിധി വന്നതോടെ പ്രതിസന്ധി രൂക്ഷമായി. മൂന്നുമാസത്തിനകം എ.ജി.ആര്‍. കുടിശ്ശികയും പിഴയും പലിശയും സഹിതം നല്‍കാനാണ് ഉത്തരവ്. ഇതിനായി തുക വകയിരുത്തിയതോടെ രണ്ടുകമ്പനികളും ചരിത്രത്തിലെ ഏറ്റവുംവലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. സെപ്റ്റംബര്‍ 30-ന് അവസാനിച്ച പാദത്തില്‍ വോഡഫോണ്‍ ഐഡിയ 50,922 കോടിരൂപയുടെയും എയര്‍ടെല്‍ 23,045 കോടി രൂപയുടെയും നഷ്ടമാണ് രേഖപ്പെടുത്തിയത്. സര്‍ക്കാരില്‍നിന്ന് പാക്കേജുകള്‍ ഉണ്ടായില്ലെങ്കില്‍ നിലനില്‍പ്പുതന്നെ ഭീഷണിയിലാണെന്ന് ഇരുകമ്പനികളും സൂചിപ്പിച്ചുകഴിഞ്ഞു.

അതിനിടെ, എ.ജി.ആര്‍. കുടിശ്ശിക സ്വയംകണക്കാക്കി സുപ്രീംകോടതിവിധിപ്രകാരം അടയ്ക്കാന്‍ ടെലികോം വകുപ്പ് കമ്പനികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. എല്ലാ കമ്പനികള്‍ക്കുമായി ഏകദേശം 1.33 ലക്ഷം കോടി രൂപയുടെ കുടിശ്ശികയാണ് സര്‍ക്കാരിനുലഭിക്കാനുള്ളതെന്ന് കണക്കാക്കുന്നു. കമ്പനികളുടെ സ്പെക്ട്രം യൂസേജ് ഫീ ഉള്‍പ്പെടെയാണിത്.

ജപ്പാനില്‍നിന്നുള്ള ഡോകോമോ, റഷ്യയുടെ എം.ടി.എസ്., യു.എ.ഇ.യുടെ എത്തിസലാത്ത്, നോര്‍വേയുടെ ടെലിനോര്‍ തുടങ്ങിയവയെല്ലാം ഇന്ത്യയില്‍ നിക്ഷേപത്തിനെത്തി പരാജയപ്പെട്ടുമടങ്ങിയിരുന്നു. എയര്‍സെല്‍, ടാറ്റ, പൊതുമേഖലയിലുള്ള ബി.എസ്.എന്‍.എല്‍., എം.ടി.എന്‍.എല്‍. എന്നിവയ്ക്കും പിടിച്ചുനില്‍ക്കാനായില്ല. വി.ആര്‍.എസ്. നടപ്പാക്കുന്ന ബി.എസ്.എന്‍.എലില്‍ ഏകദേശം മുക്കാല്‍ ലക്ഷത്തിനടുത്ത് അപേക്ഷകളാണ് ലഭിച്ചത്. ഇവര്‍പോകുന്നത് കമ്പനിയുടെ ദൈനംദിനപ്രവര്‍ത്തനങ്ങളെ ബാധിക്കുമോയെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. മറ്റുകമ്പനികളില്‍നിന്ന് വ്യത്യസ്തമായി ഗ്രാമീണമേഖലകളില്‍ സേവനം കൂടുതല്‍ നല്‍കുന്നത് ബി.എസ്.എന്‍.എല്‍. ആണെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.

ലോകത്തിലെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയാണ് വോഡഫോണ്‍. പ്രതീക്ഷിച്ചരീതിയില്‍ വരുമാനം ലഭിക്കാതെ വന്നതോടെ ഇന്ത്യയില്‍നിന്ന് പിന്മാറാനൊരുങ്ങുകയാണ് കമ്പനിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വോഡഫോണ്‍ ഐഡിയയില്‍ 45 ശതമാനം ഓഹരികളാണ് വോഡഫോണിനുള്ളത്. നിക്ഷേപ സൗഹൃദരാജ്യമാണ് ഇന്ത്യയെന്ന് ആവര്‍ത്തിക്കുമ്പോഴും വോഡഫോണ്‍കൂടി ഇന്ത്യ വിട്ടാല്‍ ഇന്ത്യയുടെ വിദേശനിക്ഷേപസ്വപ്നങ്ങള്‍ക്ക് കനത്ത ആഘാതമായി അതുമാറിയേക്കാം.

ലൈസന്‍സ് ഫീ കുറയ്ക്കണമെന്നും കുടിശ്ശിക അടയ്ക്കുന്നതിന് രണ്ടുവര്‍ഷത്തെ മൊറട്ടോറിയം അനുവദിക്കണമെന്നുമാണ് കമ്പനികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ടെലികോം കമ്പനികള്‍ക്ക് പാക്കേജ് നല്‍കുന്നതിനുള്ള ചര്‍ച്ചകള്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടന്നുവരുന്നുമുണ്ട്.

Content Highlights: "Want No Company To Shut Operations": Finance Minister On Telecom Stress