ഹര്‍കേഷ് ചൗധരിക്ക് എവിടവും വേദികളാണ്. റെയില്‍വെ ട്രാക്കകള്‍, പെട്രോള്‍ പമ്പുകള്‍, ടോള്‍ പ്ലാസകള്‍... കര്‍ഷകര്‍ കൂടുന്ന സ്ഥലങ്ങളെല്ലാം  ഹര്‍കേഷ് ചൗധരിയുടെയും സംഘത്തിന്റെയും വേദികളാണ്. എന്നിട്ട് അവര്‍ പാടുകയും പറയുകയും നടിക്കുകയും ചെയ്യും :ഉട്ടണ് ദാ വേലാ. (സംഘര്‍ഷത്തിനുള്ള സമയം വന്നിരിക്കുന്നു).ഹര്‍കേഷ് ചൗധരിയുടെ നാടക സംഘം കര്‍ഷക സമരത്തിന് പുതിയ ഭാഷ്യം ചമച്ചിരിക്കുന്നു.

കാര്‍ഷിക നിയമങ്ങളിലെ ഭഅന്തര്‍നാടകങ്ങളെഭകുറിച്ച് കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവരെ ബോധവാന്‍മാരാക്കാനുള്ള ദൗത്യത്തിലാണ് ഹര്‍കേഷ് ചൗധരിയുടെ നേതൃത്വത്തിലുള്ള പഞ്ചാബ് ലുധിയാനയിലെ ലോക് കലാ മഞ്ച്. ഒക്ടോബര്‍ ഒന്നുമുതല്‍ കര്‍ഷകര്‍ കൂടുന്നിടത്തെല്ലാം ലോക് കലാ മഞ്ചിലെ പ്രവര്‍ത്തകര്‍ എത്തുന്നു. കര്‍ഷകര്‍ സമരം ചെയ്യുന്ന ഡല്‍ഹി - ഹരിയാന അതിര്‍ത്തിയായ സിംഘുവിലും അവര്‍ എത്തി.

കാര്‍ഷിക നിയമങ്ങള്‍ ഭീഷണി ഉയര്‍ത്തുന്നത് കൃഷിക്കാര്‍ക്ക് മാത്രമല്ല, പഞ്ചാബിന് മുഴുവനുമായാണെന്ന് ഹര്‍കേഷ് ചൗധരിയുടെ നാടകം പറയുന്നു.  കാര്‍ഷികോല്‍പ്പന്ന വിപണന സമിതികള്‍  നടത്തുന്ന മണ്ഡികളിലൂടെ സംസ്ഥാന സര്‍ക്കാരിന് മുപ്പത്തിമൂവായിരം കോടി രൂപയുടെ വരുമാനം ലഭിക്കുന്നുണ്ട്. സംസ്ഥാന വികസനത്തിന് ലഭിക്കുന്ന ഈ തുക പുതിയ നിയമത്തിലൂടെ ഇല്ലാതാകും. പൂഴ്ത്തി വെയ്പ്പുകള്‍ അനുവദിക്കപ്പെട്ടതിലൂടെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില കുതിച്ച് കയറുമെന്നും ഹര്‍കേഷ് ചൗധരി പറഞ്ഞു. കര്‍ഷകര്‍ക്ക് ഗുണപ്രദമെന്ന് സര്‍ക്കാര്‍ വാദിക്കുന്ന നിയമങ്ങളിലെ അന്തര്‍ നാടകങ്ങള്‍ തുറന്ന് കാട്ടുകയാണ് ' ഉട്ടണ് ദാ വേലാ'  

കര്‍ഷകരില്‍ നിന്ന് മികച്ച പ്രതികണമാണ് ലഭിക്കുന്നതെന്ന് നാടകത്തിലെ മുഖ്യ കഥാപാത്രമായ കര്‍ഷകനെ അവതരിപ്പിക്കുന്ന സുരീന്ദ്രര്‍ ശര്‍മ്മ പറഞ്ഞു. ജീവിതവുമായി നാടകത്തെ ബന്ധപ്പെടുത്താന്‍ കര്‍ഷകര്‍ക്ക് കഴിയുന്നുണ്ട്. നാടകത്തില്‍ പ്രചോദിതരായി നിരവധി കര്‍ഷകര്‍ സമര രംഗത്തേയ്ക്ക് എത്തിയിട്ടുണ്ട്.കല ജനങ്ങള്‍ക്ക് വേണ്ടിയുളളതാണ്. അവരുടെ പ്രയാസങ്ങളെ കുറിച്ച് സംസാരിക്കുന്നതാകണം കലകളെന്ന് സുരീന്ദ്രര്‍ ശര്‍മ്മ പറഞ്ഞു.