ലക്നൗ: ഉത്തര്‍പ്രദേശിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലേക്കും ബിഹാറിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും രണ്ടു നിയമസഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. 

പ്രാഥമിക ലീഡ് നില അനുസരിച്ച്‌ ഗൊരഖ്പൂരില്‍ ബിജെപിയും ഫുല്‍പ്പൂരില്‍ സമാജ് വാദി പാര്‍ട്ടിയും ലീഡ് ചെയ്യുകയാണ്.  ജെഹനാബാദ് നിയമസഭാ മണ്ഡലത്തില്‍ ജെഡിയുവും അറാറിയ ലോക്‌സഭാ മണ്ഡലത്തിലും ഭാബുവ നിയമസഭാ മണ്ഡലത്തിലും ബിജെപിയുമാണ്‌ മുന്നിട്ട് നില്‍ക്കുന്നത്.

യുപിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒഴിഞ്ഞ ഗോരഖ്പൂരില്‍ ബിജെപി സ്ഥാനാര്‍ഥി ഉപേന്ദ്ര ശുക്ല 5000 ത്തിലേറെ വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. അതേസമയം യുപി ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യ രാജിവെച്ച ഒഴിവില്‍ ഫുല്‍പുര്‍ ലോക്സഭാ മണ്ഡലത്തില്‍ തുടക്കത്തില്‍ ബിജെപി ലീഡ് നേടിയെങ്കിലും രണ്ടാം റൗണ്ടില്‍ എസ്പിയാണ് മുന്നില്‍. ബിഹാറില്‍ ആര്‍ജെഡി എംപിയുടെ മരണത്തെ തുടര്‍ന്നാണ് അറാറിയ ലോക്സഭാ സീറ്റിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 

ബിഹാറില്‍ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള വിശാല മഹാ സഖ്യവും ജെഡിയു-ബിജെപി മുന്നണിയുമായിട്ടാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്‌. മാര്‍ച്ച് 11-നായിരുന്നു തിരഞ്ഞെടുപ്പ്.  ഗൊരഖ്പുരില്‍ 47 ശതമാനവും ഫുല്‍പുരില്‍ 38 ശതമാനവുമാണ് പോളിങ് നടന്നത്.