കുര്‍നൂല്‍: രോഗിയായ അമ്മയുടെ ആഗ്രഹം നിറവേറ്റാന്‍ പതിമ്മൂന്നുകാരന്‍ വിവാഹം ചെയ്തത് 23 കാരിയെ. ആന്ധ്രാപ്രദേശിലെ കുര്‍നൂല്‍ ജില്ലയിലെ ഉപ്പറഹള്‍ ഗ്രാമത്തിലാണ് സംഭവം. കര്‍ണാടകയിലെ ബെല്ലാരിയിലെ ചണിക്കണനൂര്‍ ഗ്രാമവാസിയാണ് വധു.

കഴിഞ്ഞ മാസമാണ് ബാലവിവാഹം നടന്നത്. തുടര്‍ന്ന് വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വധുവും വരനും കുടുംബക്കാരും കൂട്ടത്തോടെ മുങ്ങുകയായിരുന്നു. ഇപ്പോള്‍ ഇവരെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ജില്ലാ അധികൃതര്‍. 

തന്റെ മരണശേഷം കുടുംബം നോക്കാന്‍ പ്രായപൂര്‍ത്തിയായൊരു സ്ത്രീ വീട്ടില്‍ വേണമെന്ന വരന്റെ അമ്മയുടെ ആഗ്രഹമാണ് വിവാഹത്തിലേക്ക് എത്തിച്ചത്. 

കര്‍ഷകത്തൊഴിലാളികളാണ് വരന്റെ അച്ഛനും അമ്മയും. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് ഇവര്‍ക്കുള്ളത്. കുറച്ചുകാലമായി രോഗക്കിടക്കയിലാണ് അമ്മ. 

ഭര്‍ത്താവ് കടുത്ത മദ്യപാനിയായതിനാല്‍ തന്റെ മരണശേഷം കുടുംബം നോക്കാന്‍ ആളില്ലാതാവുമെന്നായിരുന്നു അമ്മയുടെ ആശങ്ക. ഇതിന് അവര്‍ കണ്ടെത്തിയ പോംവഴിയായാണ് 13 വയസ്സുള്ള മൂത്തമകനെ വിവാഹം കഴിപ്പിക്കുകയെന്നത്. 

അപ്പോഴാണ് ബെല്ലാരിയിലെ ബന്ധുക്കള്‍ വിവാഹപ്രായമായ യുവതിയുണ്ടെന്ന് അറിയിച്ചത്. തുടര്‍ന്ന് വിവാഹത്തിന് ഇരു വീട്ടുകാരും ധാരണയിലെത്തി. ഏപ്രില്‍ 23-നാരംഭിച്ച വിവാഹകര്‍മങ്ങള്‍ ഏപ്രില്‍ 27-നു പുലര്‍ച്ചെ മൂന്നിനാണ് അവസാനിച്ചത്.

സംഭവം പുറത്തറിഞ്ഞതോടെയാണ് അറസ്റ്റുഭയന്ന് ഇരുകുടുംബങ്ങളും ഒളിവില്‍ പോയത്. ഫോണില്‍ ബന്ധപ്പെടാന്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും ഇവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ചോഫായിരുന്നു.

''നിയമസാധുതയില്ലാത്തതിനാല്‍ വിവാഹം റദ്ദാക്കിയേക്കും. രണ്ടുദിവസത്തിനകം വരനെയും വധുവിനെയും ജില്ലാ അധികൃതരുടെ മുന്‍പില്‍ ഹാജരായില്ലെങ്കില്‍ ഇവര്‍ക്കെതിരേ കേസെടുക്കും'' -തഹസില്‍ദാര്‍ ശ്രീനിവാസറാവു മാധ്യമങ്ങളോട് പറഞ്ഞു.