കൊല്‍ക്കത്ത: ബംഗാള്‍ നിയസഭാ തിരഞ്ഞെടുപ്പില്‍ ബി.എസ്.എഫിനെ ഉപയോഗപ്പെടുത്തി ബി.ജെ.പി നേതൃത്വം വോട്ടുപിടിക്കുകയാണെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണം നിര്‍ഭാഗ്യകരമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇക്കാര്യം ഉന്നയിച്ച് ബംഗാള്‍ തൃണമൂല്‍ നേതാക്കള്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.

ബി.എസ്.എഫിനെക്കുറിച്ച് ഒരു പാര്‍ട്ടി ആരോപണം ഉന്നയിക്കുന്നത് നിര്‍ഭാഗ്യകരമാണ്. രാഷ്ട്രീയ യുദ്ധക്കളത്തിലേക്ക് ബി.എസ്.എഫിനെ വലിച്ചിഴയ്ക്കരുതെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ മാധ്യമങ്ങളോട്‌ വ്യക്തമാക്കി.

രാജ്യത്തെ മികച്ച സേനകളിലൊന്നാണ് ബിഎസ്എഫ്. ഒരു സേനയേയും നിന്ദിക്കുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം ബി.എസ്.എഫ് നേരത്തെ തള്ളിയിരുന്നു. ആരോപണം അടിസ്ഥന രഹിതവും സത്യത്തില്‍ നിന്ന് ഏറെ അകലെയാണെന്നും ബി.എസ്.എഫ് വ്യക്തമാക്കിയിരുന്നു. 

അതിര്‍ത്തി പ്രദേശത്തെ ഗ്രാമങ്ങളിലേക്ക് ബി.എസ്.എഫ് ഉദ്യോഗസ്ഥരെ അയച്ച് ബി.ജെ.പിക്ക് വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാണെന്ന് ആരോപിച്ച് ബംഗാള്‍ നഗരവികസനകാര്യ മന്ത്രി ഉള്‍പ്പെടെയുള്ള തൃണമൂല്‍ നേതാക്കളാണ് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. 

content highlights: 'Unfortunate': Election Commission reacts after TMC accuses BSF amid West Bengal poll battle