ഗുവാഹട്ടി: അസമിൽ കൊറോണ സ്ഥിരീകരിച്ച വ്യവസായിയുമായി സമ്പർക്കം പുലര്‍ത്തിയത്‌ 111 പേർ. ഗുവാഹട്ടിയിലെ സമ്പന്നർ താമസിക്കുന്ന സ്പാനിഷ് ഗാർഡൻ പ്രദേശത്താണ് ഇയാൾ താമസിക്കുന്നത്. കൊറോണ ബാധിത സംസ്ഥാനമായ ഡൽഹി ഇയാൾ സന്ദര്‍ശിച്ചിരുന്നു. എന്നാൽ അതൊന്നുമല്ല സംസ്ഥാന ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കുന്നത്.

ഇയാൾക്ക് കൊറോണ ബാധിച്ചത് ഡൽഹിയിൽ നിന്നല്ലെന്നും അത് സംസ്ഥാനത്തിനകത്തുവെച്ചുതന്നെയാണെന്നുമാണ് പുതിയ വിവരങ്ങൾ. അങ്ങനെയെങ്കിൽ നിലവിൽ കൊറോണ സ്ഥിരീകരിച്ച വ്യക്തിക്ക് രോഗം പകർന്നു നൽകിയ ആൾ എവിടെയെന്ന ആശങ്കപരത്തുന്ന ചോദ്യത്തിന് മുന്നിൽ വഴിതടഞ്ഞിരിക്കുകയാണ് അസ്സമിലെ ആരോഗ്യ പ്രവർത്തകർ.

ഇതുവരെ കണ്ടെത്താനാകാതെ നിശബ്ദനായ രോഗവാഹകൻ എത്രപേർക്ക് രോഗം പകർന്നുനൽകിയിട്ടുണ്ടാകാമെന്നാണ് ഇപ്പോഴത്തെ ആശങ്ക. നിലവിൽ കൊറോണ സ്ഥിരീകരിച്ച വ്യവസായിക്ക് ഡൽഹിയിൽ നിന്നല്ല രോഗം ബാധിച്ചതെന്ന് വ്യക്തമാണ്. കാരണം ഇയാൾ ഡൽഹിയിൽ നിന്ന് മടങ്ങിവന്നിട്ട് 28 ദിവസങ്ങൾ കഴിഞ്ഞു. ഇതിന് ശേഷമാണ് രോഗം സ്ഥിരീകരിക്കുന്നത്. അതിനാൽ തിരിച്ചറിയപ്പെടാത്ത ഒരു രോഗവാഹകൻ സംസ്ഥാനത്തുണ്ടെന്നാണ് ആരോഗ്യപ്രപവർത്തകരുടെ നിഗമനം. എതായായും സ്പാനിഷ് ഗാർഡൻ ഏരിയ മുഴുവൻ അധികൃതർ അണുവിമുക്തമാക്കാനുള്ള പരിശ്രമത്തിലാണ്.

രോഗം സ്ഥിരീകരിച്ചയാളുമായി സമ്പർക്കം പുലർത്തിയ 111 പേരെ അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ സാമ്പിളുകൾ പരിശോധനയ്‍ക്കായി അയച്ചു. ഇയാൾ താമസിക്കുന്ന സ്ഥലത്ത് 150 കുടുംബങ്ങളാണ് ഉള്ളത്. ഇവിടെ നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്. എല്ലാവരും ഹോം ക്വാറന്റൈനിലാണ്.

ശ്വാസതടസ്സവും ചെറിയ പനിയും ബാധിച്ച് സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയ ഇയാൾക്ക് ഒരാഴ്ച കഴിഞ്ഞിട്ടും രോഗം കുറയാത്തതിനെ തുടർന്നാണ് കൊറോണ പരിശോധന നടത്താൻ ഡോക്ടർ നിർദ്ദേശിച്ചത്. തുടർന്ന് നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിക്കുന്നത്.

അസ്സമിൽ 25 കേസുകളാണ് ഇതു വരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 24 എണ്ണവും നിസാമുദീൻ തബ് ലീഗ്‌ സമ്മേളനത്തിൽ പങ്കെടുത്തവരിൽ നിന്നുള്ളതാണ്. രോഗപരിശോധനയ്‍ക്ക് സമ്മേളനത്തിൽ പങ്കെടുത്തവർ മുന്നോട്ട് വരുന്നില്ലെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. സർക്കാർ നിർദ്ദേശത്തോട് സഹകരിച്ചില്ലെങ്കിൽ നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Content Highlights:''there might be a silent carrier," Assam Health Minister Himanta Biswa Sarma said