ചെന്നൈ: സമ്പൂര്‍ണ മദ്യനിരോധനം ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ ഇന്ന് സംസ്ഥാന വ്യാപക ബന്ദ്. എം.ഡി.എം.കെ., വിടുതലൈ ചിറുതൈകള്‍ കക്ഷി(വി.സി.കെ.), മനിതനേയ മക്കള്‍കക്ഷി(എം.എം.കെ.) എന്നീ പാര്‍ട്ടികളാണ് ബന്ദിന് ആഹ്വാനം ചെയ്തത്. എ.ഐ.എ.ഡി.എം.കെ., പി.എം.കെ. ഒഴികെയുള്ള കക്ഷികള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

 

സംസ്ഥാനവ്യാപകമായി സുരക്ഷാക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തി. മദ്യഷാപ്പുകള്‍ക്ക് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗാന്ധിയന്‍ ശശി പെരുമാള്‍ പോരാട്ടത്തിനിടെ മരിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ മദ്യവിരുദ്ധപ്രക്ഷോഭം ശക്തിപ്പെട്ടുവരികയാണ്.

 

വ്യാപാരികളുടെ സംഘടനയായ വണികര്‍ സംഘ പേരവൈയുടെ നേതാവ് വെള്ളയ്യന്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ഭൂരിപക്ഷം വ്യാപാരികളും അംഗങ്ങളായ  വണികര്‍സംഘങ്ങളിന്‍ പേരമൈപ്പ് നേതാവ് വിക്രമരാജ ബന്ദിനെ പിന്തുണച്ചിട്ടില്ല. അതിനാല്‍ സംസ്ഥാനത്തെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കാന്‍ സാധ്യതയില്ല. 

 

കന്യാകുമാരിയില്‍ മാര്‍ത്താണ്ഡത്ത് മദ്യക്കടയ്ക്ക് മുന്നില്‍  മൊബൈല്‍ ടവറില്‍ കയറി പോരാടുന്നതിനിടയിലാണ് ശശി പെരുമാള്‍ താഴെവീണ്  മരിച്ചത്. ഇതോടെ മൊബൈല്‍ ടവറില്‍ കയറി യുവാക്കള്‍ പ്രക്ഷോഭം നടത്താനും ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ഇതുവരെ മൃതദേഹം ഏറ്റുവാങ്ങാന്‍ തയ്യാറായിട്ടില്ല. സംസ്ഥാനത്തെ മൊബൈല്‍ ടവറുകള്‍ക്കും പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

ബന്ദ് ദിനത്തിലും മദ്യകടകള്‍ക്കുനേരേ വ്യാപകമായ അക്രമം നടക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ ഭയപ്പെടുന്നതിനാല്‍ കനത്ത പോലീസ് സംരക്ഷണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

 

തിരുന്നല്‍വേലി, തൂത്തുക്കുടി, കന്യാകുമാരി, സേലം ജില്ലകളില്‍ സുരക്ഷാക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി. തിരുന്നല്‍വേലിയില്‍ എം.ഡി.എം.കെ. നേതാവ് വൈകോയുടെ നേതൃത്വത്തില്‍ പ്രക്ഷോഭത്തില്‍ മദ്യഷാപ്പ് അടിച്ചുതകര്‍ത്തിരുന്നു. സമാനസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കാന്‍ മുഖ്യമന്ത്രി ജയലളിത പോലീസ് മേധാവികളോട് ആവശ്യപ്പെട്ടു.