ന്യൂഡല്‍ഹി: പാക് അധീന കശ്മീരിലെ ഭീകരവാദ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് ശേഷം കശ്മീര്‍ അതിര്‍ത്തിയില്‍ ഭീകരാക്രമണങ്ങളും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളും ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്രസര്‍ക്കാര്‍. ബുധനാഴ്ച പാര്‍ലമെന്റിലാണ് ഇക്കാര്യം സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇന്ത്യയുമായി ചര്‍ച്ചകള്‍ തുടരണമെന്നുണ്ടെങ്കില്‍ പാകിസ്താന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് നിര്‍ത്തണമെന്നും സര്‍ക്കാര്‍ പറഞ്ഞു. രാജ്യസഭയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഗംഗാറാം അഹിറാണ് ഇക്കാര്യം അറിയിച്ചത്.

2016 ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ തീവ്രവാദികളെ നേരിട്ട 87 സംഭവങ്ങളാണ് ഇന്ത്യയിലുണ്ടായത്. എന്നാല്‍ അതേവര്‍ഷം മിന്നലാക്രമണം നടക്കുന്നതിന് മുമ്പ് ജൂലൈ ഒന്നുമുതല്‍ സെപ്റ്റംബര്‍ 30 വരെ 110 ഭീകരാക്രമണങ്ങളാണ് ഉണ്ടായതെന്നും മന്ത്രി സഭയെ അറിയിച്ചു. മിന്നലാക്രമണത്തിന് മുമ്പ് 34 സുരക്ഷാ സൈനികരാണ് ഭീകരുടെ വെടിയേറ്റ് മരിച്ചത്. മാത്രമല്ല ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലുകളുടെ എണ്ണം കുറഞ്ഞത് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന് ശേഷം ഉണ്ടായ കലാപത്തെ ദുര്‍ബലപ്പെടുത്തിയതായും കണക്കുകള്‍ പറയുന്നു. 

മിന്നലാക്രമണത്തിന് ശേഷം പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വെടിനിര്‍ത്തല്‍ ലംഘനത്തില്‍ കുറവു വന്നതായി ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. ഇന്ത്യയുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരണമെങ്കില്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നയം അവസാനിപ്പിക്കേണ്ടത് പാകിസ്താന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചകള്‍ പുനരരാംഭിക്കുന്നതിനായി പാകിസ്താന്‍ തന്നെ തുടക്കമിടേണ്ടതുണ്ട്. ഭീകരവാദം തുടച്ചു നീക്കുന്നതിനായി ഏതെങ്കിലും രാജ്യത്തിന്റെ സഹായം തേടുകയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.