സില്‍ചാര്‍: അസമില്‍ നടപ്പാക്കിയ ദേശീയ പൗരത്വ പട്ടികയ്‌ക്കെതിരേ പ്രചാരണവുമായെത്തിയവരാണെന്ന് തെറ്റിധരിച്ച് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് സംഘത്തെ അസം വിമാനത്താവളത്തില്‍ തടഞ്ഞു. പോലീസും വിമാനത്താവള അധികൃതരും ചേര്‍ന്നാണ് തടഞ്ഞത്. 

തൃണമൂല്‍ പാര്‍ട്ടി നേതാക്കളും ജനപ്രതിനിധികളുമടങ്ങുന്ന എട്ടംഗ സംഘത്തെയാണ് പോലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞത്. ചില ഉദ്യോഗസ്ഥര്‍ ഈ സംഘത്തിലണ്ടായിരുന്നവരോട് അസഭ്യം പറഞ്ഞതായും തൃണമൂല്‍ നേതാവ് ഡെറക് ഒ ബ്രിയാന്‍ അറിയിച്ചു. 

എംപിയായ സുകേന്ദു റോയിയെയാണ് ഉദ്യോഗസ്ഥര്‍ അസഭ്യം പറഞ്ഞത്. സമാധാന കാംക്ഷിയായ വ്യക്തിയാണ് അദ്ദേഹം. ഇതിനുപുറമെ, ഒരു വനിത എംപിയെ കൈയേറ്റം ചെയ്തതായും അദ്ദേഹം ആരോപിച്ചു. ഇവിടെ എന്താണ് സൂപ്പര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണോയെന്ന് ഒ ബ്രിയാന്‍ ചോദിച്ചു. 

എന്നാല്‍, സംസ്ഥാനത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ടെന്നും ആളുകള്‍ കൂട്ടംകൂടുന്നത് വിലക്കിയിട്ടുണ്ടെന്നുമാണ് വിമാനത്താവള അധികൃതര്‍ അറിയിച്ചത്. സില്‍ച്ചറിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് ഡല്‍ഹിയില്‍ നിന്നുള്ള തൃണമൂല്‍ സംഘം അസമില്‍ എത്തിയത്.