ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഓര്‍മകുറിപ്പുകളടങ്ങിയ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനെതിരെ മകനും മുന്‍ എം.പിയുമായ അഭിജിത് മുഖര്‍ജി. താന്‍ അനുമതി നല്‍കുന്നതുവരെ പ്രസിദ്ധീകരണം നിര്‍ത്തിവെക്കണമെന്ന് അഭിജിത് മുഖര്‍ജി ആവശ്യപ്പെട്ടു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രണബ് മുഖര്‍ജിയുടെ ഓര്‍മക്കുറിപ്പുകളുടെ അവസാനഭാഗമായ 'ദി പ്രസിഡന്‍ഷ്യല്‍ ഇയേര്‍സ്' പ്രസിദ്ധീകരിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസാധകരായ 'രൂപ' രംഗത്തെത്തിയത്. പുസ്തകത്തിന്റെ കുറച്ച് ഭാഗങ്ങളും പ്രസാധകര്‍ പുറത്തുവിട്ടിരുന്നു.
2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയില്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയേയും മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനേയും വിമര്‍ശിച്ചുകൊണ്ടുള്ള ഭാഗമായിരുന്നു പ്രസാധകര്‍ പുറത്തുവിട്ടത്. നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് ഏകാധിപത്യഭരണമാണ് നടത്തുന്നതെന്നും പുസ്തകത്തില്‍ പരാമര്‍ശമുണ്ടെന്ന് പുറത്തുവിട്ട കുറിപ്പുകള്‍ വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍, ഇത് മറ്റെന്തോ കാരണങ്ങളാല്‍ പ്രേരിതമായ കുറിപ്പുകളാണെന്നാണ് അഭിജിത് ബാനര്‍ജിയുടെ ആരോപണം. പ്രണബ് മുഖര്‍ജി ഇത് പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കുമായിരുന്നില്ലെന്നും ട്വിറ്ററിലൂടെ അദ്ദേഹം പ്രതികരിച്ചു. അതേസമയം, പുസ്തകത്തിന്റെ കരട് കോപ്പി പ്രണബ് മുഖര്‍ജി വായിച്ചിരുന്നുവെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് ഒരു ദിവസം മുന്‍പ് പുസ്‌തകത്തിന്റെ കവര്‍ വരെ പരിശോധിച്ച് പ്രസിദ്ധീകരണത്തിന് അനുമതി നല്‍കിയിരുന്നുവെന്നാണ് രൂപ പബ്ലിഷിങ് ഹൗസിന്റെ വിശദീകരണം.
പുസ്തകത്തിന്റെ അന്തിമരൂപം പൂര്‍ണമായും വായിച്ച് പരിശോധിക്കാന്‍ നല്‍കണം, സമ്മതം എഴുതി നല്‍കുന്നതുവരെ പുസ്തകം പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവെക്കണം. ഇത് സംബന്ധിച്ച് പ്രസാധകര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്- അഭിജിത്ത് ബാനര്‍ജി ട്വീറ്റ് ചെയ്തു.
2014-ലാണ് പ്രണബ് മുഖര്‍ജിയുടെ ഓര്‍മ്മക്കുറിപ്പുകളുടെ ആദ്യഭാഗം പുറത്തിറങ്ങിയത്. അവസാനഭാഗം 2021-ല്‍ പുറത്തിറങ്ങാനിരിക്കെയാണ് മകന്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
Content Highlights:‘Stop the memoir’: Pranab Mukherjee’s son to publishers of father’s book