ന്യൂഡല്‍ഹി: സിയാച്ചിനില്‍ വിന്യസിച്ചിട്ടുള്ള സൈനികര്‍ക്കുവേണ്ടിയുള്ള പ്രത്യേക വസ്ത്രങ്ങളും കിടക്ക അടക്കമുള്ളവയും രാജ്യത്തുതന്നെ നിര്‍മ്മിക്കാനൊരുങ്ങി ഇന്ത്യ. ഇതുസംബന്ധിച്ച പദ്ധതി അവസാന ഘട്ടത്തിലാണെന്ന് ഔദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. അവശ്യ വസ്തുക്കള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതുവഴി സൈന്യത്തിന് 300 കോടിയോളം രൂപ ലാഭിക്കാന്‍ കഴിയുമെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്തെ ഏറ്റവും അപകടം നിറഞ്ഞ യുദ്ധഭൂമിയാണ് മഞ്ഞു മൂടിക്കിടക്കുന്ന സിയാച്ചിന്‍. അവിടെ ദൗത്യത്തിലുള്ള സൈനികര്‍ക്ക് വസ്ത്രവും കിടക്കാനും മറ്റുമുള്ള പ്രാഥമിക സൗകര്യങ്ങളും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതിനായി 800 കോടിയോളം രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ചെലവിടുന്നത്.

മഞ്ഞുമലകളില്‍ ഏകദേശം 16000 മുതല്‍ 20000 അടി വരെ ഉയരമുള്ള മേഖലകളിലുള്ള സൈനികര്‍ക്ക് കൊടും തണുപ്പില്‍ ധരിക്കുന്ന വസ്ത്രങ്ങള്‍, മല കയറാനുള്ള ഉപകരണങ്ങള്‍ തുടങ്ങിയവക്ക് പ്രതിവര്‍ഷം വരുന്ന കണക്കാണിത്. നിലവില്‍ അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളെ ആശ്രയിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

സ്വകാര്യ മേഖലയുടെ സഹകരണത്തോടെ ഇന്ത്യയില്‍തന്നെ ഇവ നിര്‍മ്മിക്കുന്നതോടെ ഏകദേശം 300 കോടിയോളം രൂപ ലാഭിക്കാനാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തെര്‍മല്‍ ഷൂകള്‍, മഞ്ഞില്‍ ഉപയോഗിക്കുന്ന കണ്ണടകള്‍, മഞ്ഞു കോടാലി, മഞ്ഞുകട്ടകള്‍ക്കിടയില്‍ അകപ്പെട്ടവരെ കണ്ടെത്താന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍, സ്ലീപ്പിംഗ് ബാഗുകള്‍ തുടങ്ങിയവയാണ് ഇന്ത്യയില്‍ നിര്‍മ്മിക്കാനൊരുങ്ങുന്നത്.

മഞ്ഞിടിച്ചിലും ഉരുള്‍പ്പൊട്ടലും സാധാരണമായ സിയാച്ചിന്‍ മേഖലയില്‍ മിക്കപ്പോഴും താപനില മൈനസ് 60 ഡിഗ്രിയില്‍ താഴെ പോകാറുണ്ട്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ഇവിടെ വിന്യസിച്ചിട്ടുള്ള 163 ഓളം സൈനികരെയാണ് രാജ്യത്തിനു നഷ്ടപ്പെട്ടത്. സൈനികര്‍ക്കുവേണ്ട വസ്തുക്കള്‍ രാജ്യത്തു തന്നെ നിര്‍മിക്കാനുള്ള എന്‍.ഡി.എ സര്‍ക്കാരിന്റെ വളരെക്കാലമായുള്ള പരിശ്രമമാണ് ഫലംകാണാന്‍ പോകുന്നതെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.