ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിതനായതിന് പിന്നാലെ അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ അണിനിരത്തി നവജ്യോത് സിങ് സിദ്ധു. 62 എംഎല്‍എമാരെയാണ് സിദ്ധു സുവര്‍ണക്ഷേത്രത്തില്‍ ബുധനാഴ്ച അണിനിരത്തിയത്. പഞ്ചാബില്‍ ഏറെ നാളായി തുടരുന്ന അമരീന്ദര്‍- സിദ്ധു പോരിന് ഒത്തുതീര്‍പ്പെന്ന നിലയില്‍ പിസിസി അധ്യക്ഷസ്ഥാനം ലഭിച്ചതിന് തൊട്ടുപിന്നാലെയുള്ള നീക്കം ശക്തിപ്രകടനമായാണ് വിലയിരുത്തുന്നത്. 

പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിന് മുന്നോടിയായി 77 കോണ്‍ഗ്രസ് എംഎല്‍എമാരേയും സുവര്‍ണക്ഷേത്രത്തില്‍ ആദരവ് അര്‍പ്പിക്കാനായി സിദ്ധു ക്ഷണിച്ചിരുന്നു. എന്നാല്‍ അതില്‍ 62 പേര്‍മാത്രമാണ് അമൃത്സറിലെ നവജ്യോത് സിങ് സിദ്ധുവിന്റെ വസതിയില്‍ എത്തിയതെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്. 

പെര്‍ണീത് കൗറിന്റെ അടുത്ത അനുയായിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദീപിന്ദര്‍ ധില്ലനും സിദ്ധുവിന്റെ വസതിയില്‍ എത്തിയിരുന്നു. രാജാ വാരിംഗ്, ഡോ. രാജ് കുമാര്‍ വെര്‍ക്ക, ഇന്ദര്‍ബീര്‍ ബൊളാരിയ, ബരീന്ദര്‍ ധില്ലണ്‍, മദന്‍ ലാല്‍ ജലപുരി, ഹര്‍മിന്ദര്‍ ഗില്‍ തുടങ്ങിയ നേതാക്കളും സിദ്ധുവിന്റെ വസതിയില്‍ എത്തിയിരുന്നു. 

നവജ്യോത് സിങ് സിദ്ധു കോണ്‍ഗ്രസ് എംഎല്‍എമാരെ അണിനിരത്തിയതിനോട് പ്രതികരണവുമായി ബിജെപിയും രംഗത്തെത്തി. കളി തുടങ്ങി എന്നാണ് ബിജെപി ദേശീയ വക്താവ് ആര്‍.പി. സിങ് ട്വിറ്ററില്‍ കുറിച്ചത്. 'കളി തുടങ്ങി. സിദ്ധു 62, ക്യാപ്റ്റന്‍ 15' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ വിഷയത്തില്‍ മുഖ്യമന്ത്രി അമരീന്ദ്രര്‍ സിങ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ധുവിനെ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി കഴിഞ്ഞ ദിവസമാണ് നിയമിച്ചത്. സംഗത് സിങ് ഗില്‍സിയാന്‍, സുഖ്വിന്ദര്‍ സിങ് ഡാനി, പവന്‍ ഗോയല്‍, കുല്‍ജിത് സിങ് നഗ്ര എന്നിവരെ വര്‍ക്കിങ് പ്രസിഡന്റുമാരായും നിയമിച്ചിട്ടുണ്ട്. പഞ്ചാബില്‍ ഏറെ നാളായി തുടരുന്ന അമരീന്ദര്‍- സിദ്ധു  പോരിന് ഒത്തുതീര്‍പ്പ് ഫോര്‍മുല രൂപപ്പെട്ടതായി  റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് സിദ്ധുവിനെ പാര്‍ട്ടി അധ്യക്ഷനാക്കാന്‍ ഒരുങ്ങുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്.

Content Highlights: 'Sidhu 62, Captain 15’: Punjab Rift Widens as Cong Chief Parades MLAs in Show of Strength in Amritsar