മുംബൈ: ഞായറാഴ്ച രാത്രി ലൈറ്റുകള്‍ അണച്ച് ദീപം തെളിയിക്കണമെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം പുനഃപരിശോധിക്കണമെന്ന് മഹാരാഷ്ട്ര ഊര്‍ജ്ജ മന്ത്രി നിതിന്‍ റാവത്ത്. എല്ലാ ലൈറ്റുകളും ഒരേ സമയം അണയ്ക്കുന്നത് വലിയ വൈദ്യുതി തകരാറിന് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ലൈറ്റുകള്‍ ഒറ്റയടിക്ക് ഓഫ് ചെയ്താല്‍ പവര്‍ ഗ്രിഡ് തകരാറിലാകുമെന്നും അത് എല്ലാ അടിയന്തര സേവനങ്ങളുടെയും പരാജയത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സേവനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ 12-16 മണിക്കൂര്‍ വരെ എടുത്തേക്കാം. കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ വൈദ്യുതി പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
ഒരേ സമയം ലൈറ്റുകള്‍ ഒരുമിച്ച് ഓഫ് ചെയ്യുന്നത് ആവശ്യകതയിലും വിതരണത്തിലും വലിയ വ്യത്യാസത്തിന് ഇടയാക്കും. ലോക്ക്ഡൗണ്‍ കാരണം ഫാക്ടറികള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഇപ്പോള്‍ തന്നെ വൈദ്യുതി ഉപയോഗം കുറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlights: "Should Rethink": Maharashtra Minister On PM's Call To Turn Off Lights