ന്യൂഡല്‍ഹി: രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി.) വന്‍ തോതില്‍ ഇടിഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. നോട്ടുനിരോധനത്തെ തുടര്‍ന്ന് രാജ്യത്തിന്റെ സാമ്പത്തികരംഗത്തിന്റെ തകര്‍ച്ച ആരംഭിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. 

മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനത്തിന്റെ തുടര്‍ച്ചയായാണ് രാജ്യത്തിന്റെ സാമ്പത്തിക രംഗം നാശത്തിലേയ്ക്ക് നീങ്ങിത്തുടങ്ങിയത്. പിന്നീട് സര്‍ക്കാര്‍ ഒന്നിനു പിറകെ ഒന്നായി നടപ്പാക്കിയതെല്ലാം തെറ്റായ നയങ്ങളായിരുന്നെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചു. ആറ് മാസം മുന്‍പ് സര്‍ക്കാര്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച സന്ദര്‍ഭത്തില്‍, ഒരു സാമ്പത്തിക സുനാമിയിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചിരുന്നെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. സാമ്പത്തിക വ്യവസ്ഥയുടെ തകര്‍ച്ചയ്ക്ക് ബി.ജെ.പി. സര്‍ക്കാരാണ് കാരണമെന്നും അവര്‍ ട്വീറ്റില്‍ ആരോപിച്ചു.

വിദഗ്ധ നടപടികള്‍ എന്ന മട്ടില്‍ നടപ്പാക്കിയ നോട്ട് നിരോധനം, ജിഎസ്ടി, ലോക്ക്ഡൗണ്‍ തുടങ്ങിയവയെല്ലാം നാശകരമായിരുന്നെന്ന് മോദി ഇനിയെങ്കിലും നസ്സിലാക്കണമെന്ന് കോണ്‍ഗ്രസ് മുഖ്യ വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ രാജ്യത്തിന്റെ ജി.ഡി.പി.യില്‍ 23.9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 1996-മുതല്‍ ഇന്ത്യ ത്രൈമാസ ജിഡിപി കണക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതിന് ശേഷം സമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്.

2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഒന്നാം പാദത്തില്‍ ജിഡിപി 35.35 ലക്ഷം കോടിയായിരുന്നത് 2020-21 സാമ്പത്തിക വാര്‍ഷത്തിന്റെ ആദ്യ പാദത്തിലെത്തിയപ്പോള്‍ 26.90 ലക്ഷം കോടിയായി ചുരുങ്ങി. സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. കൊറോണ വൈറസ് പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകളൊന്നും കാര്യമായ ഫലം കണ്ടില്ലെന്ന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

Content Highlights: ‘Ruining’ of economy began with demonetisation- Rahul