ന്യൂഡല്‍ഹി: പത്താം ദിവസവും തുടരുന്ന ഇന്ധന വില വര്‍ധനവില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കോവിഡ് മഹാമാരിയ്ക്കിടെ ഇത്തരത്തില്‍ ഇന്ധനവില വര്‍ധിപ്പിക്കുന്നതിന് യാതൊരു യുക്തിയുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തില്‍ അവര്‍ കുറ്റപ്പെടുത്തി. ജനങ്ങള്‍ പ്രയാസത്തിലായിരിക്കുമ്പോള്‍ അവരെ ഉപയോഗിച്ച് കൊള്ളലാഭമുണ്ടാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.

കോവിഡ് 19 മഹാമാരിയുണ്ടാക്കിയ സാമ്പത്തിക തകര്‍ച്ച മൂലം ലക്ഷക്കണക്കിന് പേര്‍ക്ക് ജോലി നഷ്ടപ്പെടുകയും ജീവിതമാര്‍ഗം ഇല്ലാതായിരിക്കുകയുമാണ്. ചെറുതും വലുതുമായ എല്ലാ ബിസിനസുകളും തകര്‍ന്നു. മധ്യവര്‍ഗം അതിവേഗം വരുമാനരഹിതരായിക്കൊണ്ടിരിക്കുന്നു. കര്‍ഷകര്‍ വിളവെടുക്കാന്‍ പോലും പ്രയാസപ്പെടുന്നു. ഈ സാഹചര്യത്തില്‍ ഇന്ധനവില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നതിനു പിന്നില്‍ യാതൊരു യുക്തിയും കാണാനാകുന്നില്ല, സോണിയാ ഗാന്ധി കത്തില്‍ ചൂണ്ടിക്കാട്ടി.

ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര വില ഒമ്പത് ശതമാനത്തോളം കുറഞ്ഞപ്പോഴും ഹതാശരായ ജനങ്ങളെ കൊള്ളയടിച്ച് ലാഭം കൊയ്യുന്നത് തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. മാത്രമല്ല, വിവേകശൂന്യമായ വിലവര്‍ധനവിലൂടെ, അനുചിതവും നീതീകരിക്കാനാകാത്തതുമായ അധികഭാരം ജനങ്ങള്‍ക്കുമേല്‍ കെട്ടിവെച്ചുകൊണ്ട് 2,60,000 കോടി രൂപ അധികവരുമാനമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഇന്ധനവിലയാണ് ഇപ്പോഴുള്ളത്. ജനങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യാന്‍  ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അതിനുള്ള സമയം ഇതാണ്. ജനങ്ങള്‍ സ്വയംപര്യാപ്തരാകണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് മുന്നോട്ടുപോകുന്നതിന് തടസ്സം സൃഷ്ടിച്ചുകൊണ്ട് സാമ്പത്തികബാധ്യതകള്‍ അവര്‍ക്കുമേല്‍ കെട്ടിവെക്കരുതെന്നും സോണിയ ഗാന്ധി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

Content Highlights: "Profiteering Off Its People": Sonia Gandhi's Letter To PM On Fuel Prices