ചെന്നൈ: യുഎസ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസിന്റെ വിജയത്തില്‍ പങ്കുചേര്‍ന്ന് തമിഴ്‌നാട്ടിലെ തിരുവാരൂര്‍ ജില്ലയും. കമലാഹാരിസിന്റെ അമ്മ ശ്യാമള ഗോപാലന്റെ ജന്മദേശമായ തിരുവാരൂരുകാര്‍ വീടുകളില്‍ കമലയ്ക്ക് വേണ്ടി കോലം വരച്ചും പോസ്റ്റര്‍ പതിപ്പിച്ചും വിജയാഘോഷത്തില്‍ പങ്കാളികളായി. 

'Congratulations Kamala Haris, Vanakkam America, Pride of our Village' എന്നിങ്ങനെ എഴുതിയ കോലങ്ങളാണ്‌ നിരവധി വീടുകളുടെ മുറ്റത്ത് പതിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയത്തും തിരുവാരൂരിലും തുളസേന്ദ്രപുരത്തും കമലയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് പോസ്റ്ററുകളും ബാനറുകളും പതിപ്പിച്ചിരുന്നു. 

യുഎസ് വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യത്തെ വനിതയാണ് കമലാഹാരിസ്. തന്റെ ഇന്ത്യയിലെ വേരുകളെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടായിരുന്നു വിജയത്തിനുശേഷമുള്ള കമലയുടെ ആദ്യത്തെ പ്രസംഗവും. പത്തൊമ്പതാം വയസ്സില്‍ അമ്മ ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് വരുമ്പോള്‍ വെറുതെ പോലും ചിന്തിച്ചിട്ടുണ്ടാവില്ല ഇങ്ങനെയൊരു നിമിഷം ഉണ്ടാവുമെന്ന്. എന്നാല്‍ ഇത് സാധ്യമാവുന്ന ഒരു അമേരിക്ക ഉണ്ടാവുമെന്ന് അവര്‍ ഉറച്ച് വിശ്വസിച്ചിരുന്നു.- അമ്മ ശ്യാമള ഗോപാലനെക്കുറിച്ച് കമല പറഞ്ഞു. 

തമിഴ്‌നാട്ടിലെ തിരുവാരൂര്‍ ഗ്രാമത്തില്‍ നിന്നുള്ള ശ്യാമള ഗോപാലനും അമേരിക്കയില്‍ മനുഷ്യാവകാശപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ജമൈക്കയില്‍ നിന്നുള്ള ഡോണാള്‍ഡ് ഹാരിസിനെയാണ് അവര്‍ വിവാഹം ചെയ്തത്. 1964ലാണ് ഇവര്‍ക്ക് കമല ജനിച്ചത്. പിന്നീട് വിവാഹബന്ധം വേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ശ്യാമള ഗോപാലന്‍ ഒറ്റയ്ക്കാണ് കമലയെ വളര്‍ത്തിയത്. 2009ല്‍ ഇവര്‍ മരണപ്പെട്ടു. 

കമലാഹാരിസിന്റെ അമ്മാവനായ ഗോപാലന്‍ ബാലചന്ദ്രനും ഏറെ സന്തോഷത്തിലാണ്. കമലയുടെ സത്യപ്രതിജ്ഞാ ചടങ്ങിനായി യുഎസ്സിലേക്ക് പോവാനൊരുങ്ങുകയാണ് നിലവില്‍ ഡല്‍ഹിയില്‍ താമസിക്കുന്ന ബാലചന്ദ്രന്‍. ജനുവരിയിലാവും സത്യപ്രതിജ്ഞാചടങ്ങ്. 

Content Highlights: ‘Pride of our village’: Tiruvarur celebrates victory of Kamala Harris