ലഖ്‌നൗ: ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ തിരിച്ചു കൊണ്ടുവരാനുള്ള ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തെ അഭിനന്ദിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ തിരിച്ചു കൊണ്ടുവരാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സ്വീകരിച്ച നടപടി പ്രശംസനീയമാണെന്ന് അവര്‍ പറഞ്ഞു. 

ഈ മുന്നേറ്റം പൂര്‍ണ്ണമായും വിജയിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ബാക്കിയുള്ള തൊഴിലാളികളെക്കൂടി തിരികെ കൊണ്ടുവരുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിക്കണമെന്ന് പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു. ദേശീയ തലത്തില്‍ ക്രിയാത്മക സഹകരണത്തോടെ ഇത് തുടരുകയാണെങ്കില്‍ കൊറോണക്കെതിരായ പോരാട്ടത്തില്‍ ശക്തിയാര്‍ജിക്കാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു. 

കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് കൊണ്ടുവരാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെള്ളിയാഴ്ചയാണ് നിര്‍ദേശം നല്‍കിയത്. തിരിച്ചെത്തിക്കുന്ന തൊഴിലാളികളെ 14 ദിവസം സര്‍ക്കാര്‍ അഭയകേന്ദ്രങ്ങളില്‍ നീരീക്ഷണത്തില്‍ വെയ്ക്കാനും തുടര്‍ന്ന് ധാന്യങ്ങള്‍ ഉള്‍പ്പെടെ നല്‍കി വീട്ടിലേയ്ക്ക് അയക്കാനുമാണ് തീരുമാനം. 

Content Highlights: ‘Positive step’: Priyanka Gandhi on CM Yogi’s plan to get migrant workers home