ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസിന്റെ കുറ്റപത്രത്തില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയത് രാഷ്ട്രീയ പകപോക്കലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം കലാപക്കേസായി മാറിയതെങ്ങനെയെന്നും യെച്ചൂരി ചോദിച്ചു. ഇക്കാര്യത്തില്‍ ഡല്‍ഹി പോലീസിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും അദ്ദേഹം പറഞ്ഞു. 

പൗരത്വ നിയമത്തിനെതിരേ രാജ്യമെങ്ങും പ്രതിഷേധം നടന്നു. പ്രതിഷേധങ്ങളെ കലാപങ്ങളുമായി ചേര്‍ക്കുന്നതെങ്ങനെയെന്ന് ഡല്‍ഹി പോലീസ് പറയണം. കരുതിക്കൂട്ടി തയ്യാറാക്കിയ കുറ്റപത്രമാണിത്. കേസില്‍ വളഞ്ഞ വഴിയിലൂടെ താനുള്‍പ്പെടെയുള്ളവരെ കുടുക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. 

നേരത്തെ ഡല്‍ഹി കലാപക്കേസില്‍ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഡല്‍ഹി പോലീസ് രംഗത്തെത്തിയിരുന്നു. കേസില്‍ അറസ്റ്റിലായ വിദ്യാര്‍ഥികളുടെ മൊഴിയനുസരിച്ച് യെച്ചൂരി ഉള്‍പ്പടെയുളള നേതാക്കള്‍ കലാപത്തിന്റെ ഗൂഢാലോചനയില്‍ പങ്കാളികളാണെന്ന് ഡല്‍ഹി പോലീസിന്റെ അനുബന്ധ കുറ്റപത്രത്തിലുണ്ടെന്നായിരുന്നു വാര്‍ത്തകള്‍.

Content Highlights: 'Politics of BJP's Leadership': Yechury,  Hit Out at Riots Probe