ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിന്‍ ആവശ്യപ്പെട്ട രാജ്യങ്ങള്‍ അല്‍പം ക്ഷമ കാണിക്കണമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാര്‍ പൂനാവാല.  മറ്റ് രാജ്യങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനൊപ്പം ഇന്ത്യയുടെ ആവശ്യത്തിന് മുന്‍തൂക്കം നല്‍കാനാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. ഏറ്റവും മികച്ചത് നല്‍കാനായി ഞങ്ങള്‍ ശ്രമിക്കുകയാണെന്നും അദാര്‍ പൂനാവാല പറഞ്ഞു.

ഓക്‌സഫഡ് സര്‍വകലാശാല ആസ്‌ട്രെസെനക്കയുമായിചേര്‍ന്നു വികസിപ്പിച്ച കോവിഷീല്‍ഡ് വാക്‌സിന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയില്‍ നിര്‍മിക്കുന്നത്. 

യു.എന്‍ രക്ഷാസമിതി യോഗത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറാണ് രണ്ട് ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത്. 121 രാജ്യങ്ങളിലെ യു.എന്‍ ദൗത്യങ്ങളില്‍ പങ്കാളികളായ 94,484 സംഘാംഗങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

ലോകരാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള വാക്‌സിന്‍ മൈത്രി പദ്ധതിയുടെ ഭാഗമായി 25 രാജ്യങ്ങള്‍ക്ക് ഇതിനകം ഇന്ത്യ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.  യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, തെക്ക്-കിഴക്കെ ഏഷ്യ, പസഫിക് എന്നിവിടങ്ങളിലായി 49 രാജ്യങ്ങളില്‍ വരും ദിവസങ്ങളില്‍ വാക്‌സിനെത്തിക്കുമെന്ന് വിദേശകാര്യമന്ത്രി ജയ്ശങ്കര്‍ വ്യക്തമാക്കിയിരുന്നു. 

കൂടാതെ ഐക്യരാഷ്ട്രസഭയുടെ സമാധാന സേനാംഗങ്ങള്‍ക്ക് 2 ലക്ഷം ഡോസ് കോവിഡ് -19 വാക്‌സിനുകള്‍ സമ്മാനമായി നല്‍കുമെന്നും ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. യു. എന്‍ സുരക്ഷാ സമിതി 2532 (2020) പ്രമേയം നടപ്പാക്കുന്നതിനെക്കുറിച്ചുള്ള  ചര്‍ച്ചയിലാണ് വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

 

Content Highlights:"Please Be Patient": Adar Poonawalla To Nations Waiting For Vaccines