ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മാത്രമാണ് പാര്‍ട്ടിയില്‍ അഴിമതിക്കാരല്ലാത്ത നേതാക്കളെന്ന്‌  ബിജെപി എംപി ബ്രിജ് ഭൂഷന്‍ ശരണ്‍ അഭിപ്രായപ്പെട്ടു. 

പാര്‍ട്ടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും മാത്രമാണ് അഴിമതിയുടെ കറപുരളാത്തത്. ഈ പാര്‍ട്ടിയില്‍ വേറെ ഒരു നേതാവിനെ കുറിച്ചും എനിക്ക് ഇത് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദശിലെ ഗോണ്ടയില്‍ നടന്ന പൊതുപരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ശ്രദ്ധനേടിയിട്ടുള്ള വ്യക്തിയാണ് ബ്രിജ് ഭൂഷന്‍ ശരണ്‍. മുമ്പ് രാഹുല്‍ ഗാന്ധിയെ കുരയ്ക്കുന്ന പട്ടിയോട് ഉപമിച്ച ഇദ്ദേഹത്തിന്റെ പരാമര്‍ശം വിവാദമായിരുന്നു. 

സര്‍ക്കാര്‍ ജീവനക്കാരെ വേശ്യകളോട് ഉപമിച്ച് ഉത്തര്‍പ്രദേശിലെ മറ്റൊരു എംഎല്‍എ അടുത്തിടെ വിവാദത്തിലായിരുന്നു. അതിന് പിന്നാലെയാണ് ബ്രിജ് ഭൂഷന്‍ ശരണിന്റെ പ്രസ്താവന. സര്‍ക്കാര്‍ ജീവനക്കാരെക്കാള്‍ ഭേദം വേശ്യകളാണ്. അവര്‍ വാങ്ങിക്കുന്ന പണത്തിനുള്ള ജോലി ചെയ്യുന്നുണ്ടെന്നായിരുന്നു ബിജെപി എംഎല്‍എ സുരേന്ദ്ര സിങ് അഭിപ്രായപ്പെട്ടത്‌.