ന്യൂഡല്‍ഹി: പ്രതിപക്ഷകക്ഷികളുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാവാനുള്ള കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ക്ഷണം എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ നിരസിച്ചു. 

എന്‍സിപിയുടെ മാധ്യമവക്താവ് നവാബ് മാലിക്കാണ് കോണ്‍ഗ്രസ് അധ്യക്ഷയുടെ ക്ഷണം ശരത് പവാര്‍ നിഷേധിച്ച കാര്യം പുറത്തുവിട്ടത്. സോണിയയുടെ ക്ഷണത്തിന് നന്ദി പറഞ്ഞ പവാര്‍ മറ്റൊരാളെ സ്ഥാനാര്‍ഥിയായി കണ്ടെത്താന്‍ അവരോട് ആവശ്യപ്പെട്ടെന്നും പാര്‍ട്ടി വക്താവ് പറഞ്ഞു. 

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ വേണ്ടത്ര ഐക്യമില്ലാത്തതും ജയിക്കാനാവശ്യമായ ഇലക്ടര്‍ വോട്ടുകള്‍ ഇല്ലാത്തതുമാണ് പവാര്‍ മത്സരത്തിന് ഇറങ്ങാതിരിക്കാന്‍ കാരണമെന്നാണ് എന്‍സിപി വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. 

നിലവിലെ സാഹചര്യത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന വ്യക്തിക്ക് 48 ശതമാനം വോട്ടുകള്‍ ഉറപ്പാണ്. ഇതോടൊപ്പം പ്രതിപക്ഷകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസും രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 

എന്‍ഡിഎയുമായി നല്ല ബന്ധം പുലര്‍ത്തുന്ന എഐഎഡിഎംകെ, തെലങ്കാന രാഷ്ട്ര സമിതി, ഒഡീഷയിലെ ബിജു ജനതാദള്‍ എന്നിവരില്‍ നിന്നുള്ള പിന്തുണയും ആ മുന്നണി ഇപ്പോള്‍ പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെ ജയിക്കാനാവശ്യമായതിലും പത്ത് ശതമാനം വോട്ടെങ്കിലും അധികം നേടാന്‍ സാധിക്കും എന്നാണ് ഇപ്പോള്‍ എന്‍ഡിഎ ക്യാമ്പിന്റെ കണക്കുകൂട്ടല്‍.   

അതേസമയം എന്‍ഡിഎയിലെ പ്രമുഖഘടകക്ഷിയായ ശിവസേന വോട്ട് മറിക്കുമോ എന്ന ആശങ്കയും എന്‍ഡിഎയ്ക്കുണ്ട്. ശരത് പവാര്‍ നല്ല രാഷ്ട്രപതിയായിരിക്കുമെന്ന ശിവസേനയുടെ പ്രസ്താവന ആ ആശങ്ക വര്‍ധിപ്പിക്കുന്നു. 

ശരത് പവാറിനെ കൂടാതെ നിലവിലെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, മുന്‍ പശ്ചിമബംഗാള്‍ ഗവര്‍ണറും മഹാത്മാഗാന്ധിയുടെ ചെറുമകനുമായ ഗോപാല്‍കൃഷ്ണ ഗാന്ധി, മുന്‍ലോക്‌സഭാ സ്പീക്കര്‍ മീരാകുമാര്‍ എന്നിവരെയാണ് രാഷ്ട്രപതി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പരിഗണിക്കുന്നത്. 

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷകക്ഷികള്‍ക്കിടയില്‍ ഐക്യമുണ്ടാക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി മമതാ ബാനര്‍ജി, നിതീഷ് കുമാര്‍, സീതാറാം യെച്ചൂരി തുടങ്ങിയ പ്രതിപക്ഷകക്ഷി നേതാക്കളുമായി ഇതിനോടകം അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തി കഴിഞ്ഞു. 

രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക വിജ്ഞാപനം വന്ന ശേഷം പ്രതിപക്ഷകക്ഷികളുടെ ഔദ്യോഗികയോഗം സോണിയ വിളിക്കും എന്നാണ് വിവരം. എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയാരായിക്കും എന്നത് കൂടി പരിഗണിച്ചാവും അന്തിമസ്ഥാനാര്‍ഥി പ്രഖ്യാപനത്തിലേക്ക് പ്രതിപക്ഷകക്ഷികള്‍ കടക്കുക.