ന്യൂഡല്‍ഹി: ലഖിംപുര്‍ സംഭവത്തെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി നിര്‍വാഹക സമിതിയില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതികരണവുമായി ബിജെപി എംപി വരുണ്‍ ഗാന്ധി. കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ ഒരു സമിതിയോഗത്തില്‍ പോലും പങ്കെടുത്തിട്ടില്ല. താന്‍ അതില്‍ ഉണ്ടെന്നുപോലും തോന്നുന്നില്ലെന്നും വരുണ്‍ ഗാന്ധി പ്രതികരിച്ചു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടായിരുന്നു വരുണ്‍ ഗാന്ധിയുടെ പ്രതികരണം. 
 
ലഖിംപുര്‍ ഖേരി സംഭവത്തില്‍ കടുത്ത വിമര്‍ശനമുന്നയിച്ച എം.പി. വരുണ്‍ഗാന്ധി, മുന്‍ കേന്ദ്രമന്ത്രിയും എം.പി.യുമായ മേനകാ ഗാന്ധി, മുന്‍മന്ത്രി ബീരേന്ദ്ര സിങ് എന്നിവരെ ഒഴിവാക്കി ബി.ജെ.പി. എണ്‍പതംഗ ദേശീയ നിര്‍വാഹകസമിതിയെ കഴിഞ്ഞദിവസമാണ് തിരഞ്ഞെടുത്തത്. ലഖിംപുര്‍ ഖേരി സംഭവത്തില്‍ പാര്‍ട്ടിയെ വെട്ടിലാക്കി കടുത്ത വിമര്‍ശനവുമായി രംഗത്തുവന്നതാണ് വരുണ്‍ ഗാന്ധിയെ ഒഴിവാക്കാന്‍ കാരണമായതെന്നാണ് സൂചന. 
 
കര്‍ഷകരുടെ മരണവുമായി ബന്ധപ്പെട്ട ട്വീറ്റും വീഡിയോയും മുഖേനയാണ് വരുണ്‍ വ്യാഴാഴ്ച പ്രതികരിച്ചത്. കൊലപാതകത്തിലൂടെ പ്രതിഷേധക്കാരെ നിശ്ശബ്ദരാക്കാനാകില്ല. നിരപരാധികളായ കര്‍ഷകരുടെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്തണം. കര്‍ഷകന്റെ മനസ്സില്‍ അക്രമത്തിന്റെയും വിദ്വേഷത്തിന്റെയും സന്ദേശമെത്തും മുമ്പ് നീതി ലഭ്യമാക്കണം എന്നായിരുന്നു ട്വിറ്ററിലൂടെ വരുണ്‍ ഗാന്ധി പ്രതികരിച്ചത്.
 
ട്വിറ്ററില്‍ വരുണ്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അതിവേഗത്തില്‍ വന്ന ജീപ്പ് ആളുകളെ ഇടിച്ച് തെറിപ്പിക്കുന്നത് കാണാം. പിന്തുടര്‍ന്ന് രണ്ട് വാഹനങ്ങളുമുണ്ട്. ജീപ്പിനടിയില്‍പ്പെട്ട് വീണുപോയ ആളുകളെയും പരിഭ്രാന്തരായി ഓടുന്നവരേയും കാണാം. രണ്ടുദിവസം മുമ്പും ലഖിംപുര്‍ സംഭവവുമായി ബന്ധപ്പെട്ട് വരുണ്‍ഗാന്ധി ശക്തമായി ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു.
 
ലഖിംപുര്‍ ഖേരിയില്‍കര്‍ഷക പ്രതിഷേധത്തിനിടെ അക്രമ സംഭവങ്ങളില്‍ കര്‍ഷകരും മാധ്യമ പ്രവര്‍ത്തകനുമടക്കം എട്ട് പേരാണ്  കൊല്ലപ്പെട്ടത്. കേന്ദ്ര ആഭ്യന്തസഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് കേസ്. 
 
Content Highlights: "Not Attended In 5 Years," Says Varun Gandhi, Dropped From Top BJP Body