ന്യൂഡല്‍ഹി:  രാഷ്ട്രീയം കളിക്കാനുള്ള സമയല്ല ഇതെന്ന് ഡല്‍ഹി സര്‍ക്കാരിനോട് സുപ്രീം കോടതി. കോവിഡ് കാലത്ത് ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിക്കൊണ്ട് രാഷ്ട്രീയം കളിക്കരുത്. സഹകരണത്തിന്റെ പാതയാണ് പിന്തുടരേണ്ടതെന്നും സുപ്രീം കോടതി ഓര്‍മിപ്പിച്ചു. 

ഏറെ പ്രതിസന്ധിയിലാവുന്ന സാഹചര്യങ്ങളില്‍ ഉന്നത തലങ്ങളിലേക്ക് വിവരം അറിയിക്കണം. ഇത്തരം ഘട്ടങ്ങളില്‍ രാഷ്ട്രീയപരമായ തര്‍ക്കങ്ങള്‍ ഉണ്ടാവരുത്. തിരഞ്ഞെടുപ്പ് കാലത്താണ് രാഷ്ട്രീയം വേണ്ടത്. ഇപ്പോള്‍ രാജ്യത്തെ ജനങ്ങളുടെ ജീവിതം അപകടത്തിലാണ്. സഹകരമാണ് ഇപ്പോള്‍ വേണ്ടത്-സുപ്രീം കോടതി പറഞ്ഞു. 

നിലവിലെ പ്രതിസന്ധിഘട്ടത്തെ അതിജീവിക്കാന്‍ ഭരണസംവിധാനം പൂര്‍ണമായും ഫലവത്തായി പ്രവര്‍ത്തിക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ കോടതിയില്‍ ഉറപ്പുനല്‍കി. 

ഡല്‍ഹിയുടെ കാര്യത്തില്‍ കേന്ദ്രത്തിന് പ്രത്യേക ഉത്തരവാദിത്തമുണ്ടെന്ന് നേരത്തേയും കോടതി നിരീക്ഷിച്ചിരുന്നു. 

ഡല്‍ഹിയില്‍ ഓക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ ഡല്‍ഹി സര്‍ക്കാര്‍ ഉന്നയിച്ച ആരോപണങ്ങളിലാണ് കോടതി നിരീക്ഷണം. വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.