പട്‌ന: അക്രമാസക്തമായ പ്രതിഷേധത്തിന്റെ ഭാഗമാകുന്നവരെയും റോഡ് തടയുന്നവരെയും സര്‍ക്കാര്‍ ജോലിക്ക് അയോഗ്യരാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ബിഹാര്‍ പോലീസിന്റെ വിവാദ സർക്കുലർ. പ്രതിഷേധങ്ങളില്‍ പങ്കെടുക്കുകയോ ധര്‍ണ നടത്തുകയോ റോഡ് തടയുകയോ ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളോ സര്‍ക്കാര്‍ കരാറുകളോ ലഭിക്കില്ലെന്ന് സർക്കുലറിൽ പറയുന്നു.

പ്രതിഷേധം, റോഡ് തടയല്‍ ഉള്‍പ്പെടെയുള്ള ഏതു ക്രിമിനല്‍ പ്രവര്‍ത്തനത്തിനും പോലീസ് കേസെടുത്തിട്ടുണ്ടെങ്കില്‍ അക്കാര്യം വ്യക്തികളുടെ പെരുമാറ്റ സര്‍ട്ടിഫിക്കറ്റില്‍ പരാമര്‍ശിക്കാമെന്ന് ബിഹാര്‍ ഡി.ജി.പി എസ്.കെ സിംഗാള്‍ ചൊവ്വാഴ്ച പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. സര്‍ക്കാര്‍ ജോലി, പാസ്‌പോര്‍ട്ട്, തോക്കിനുള്ള ലൈസന്‍സ് ഉള്‍പ്പെടെയുള്ള വിവിധ കാര്യങ്ങള്‍ക്ക് പോലീസിന്റെ പെരുമാറ്റ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. 

അതേസമയം വിവാദ സർക്കുലറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചു. ഏകാധിപതികളായ ഹിറ്റ്‌ലറിനും മുസ്സോളിനിക്കും കടുത്ത വെല്ലുവിളിയാണ് നിതീഷ് കുമാര്‍ ഉയര്‍ത്തുന്നതെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് വിമര്‍ശിച്ചു.

content highlights: 'No govt jobs for those found staging protests, blocking roads': Bihar Police's new circular draws ire