ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വ്യാജ ഭൂകമ്പ ഭീഷണികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. നേപ്പാളിലും ഇന്ത്യയിലും വീണ്ടും ശക്തമായ ഭൂചലനമുണ്ടാകുമെന്ന തരത്തില്‍ ഫെയ്‌സ്ബുക്കും വാട്‌സാപ്പും വഴി വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വേണ്ടത്ര ശാസ്ത്രീയ പിന്‍ബലമില്ലാത്ത ഇത്തരം വാര്‍ത്തകളില്‍ ആശങ്കപ്പെടരുതെന്നും സര്‍ക്കാര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.

കഴിഞ്ഞ ദിവസം നേപ്പാളില്‍ ഉണ്ടായതിനേക്കാള്‍ ശക്തമായ ഭൂചലനം വരുംദിവസങ്ങളില്‍ വടക്കേ ഇന്ത്യയില്‍ ഉണ്ടായേക്കുമെന്നാണ് ശാസ്ത്രജ്ഞരെ ഉദ്ധരിച്ച് വാര്‍ത്തയും മുന്നറിയിപ്പും പ്രചരിക്കുന്നത്. രാത്രി എട്ടു മണിയോടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂകമ്പം ഉണ്ടാകുമെന്നും ആരും വീടുകളില്‍ പോകരുതെന്നുമാണ് കഴിഞ്ഞ ദിവസം വാട്‌സാപ്പില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട ഒരു സന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കിയത്. വരാനിരിക്കുന്ന ഭൂകമ്പത്തിന്റെ തീവ്രത 8.2 ആയിരിക്കുമെന്ന് നാസ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഈ സന്ദേശത്തില്‍ പറയുന്നു. വരും ദിവസങ്ങളില്‍ ബിഹാറില്‍ 13 തീവ്രത രേഖപ്പെടുത്തുന്ന ഭൂകമ്പമുണ്ടാകുമെന്നാണ് മറ്റൊരു മുന്നറിയിപ്പ്. ഫെയ്‌സ്ബുക്കിലും ഈ സന്ദേശം വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു.

ഇത്തരം പ്രചരണങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കരുതന്നെ് സര്‍ക്കാര്‍ മാധ്യമങ്ങളോടും അഭ്യര്‍ഥിച്ചിട്ടുണ്ട്ണ ഇത്തരം പ്രചരണങ്ങള്‍ ജനങ്ങളില്‍ അനാവശ്യമായ ഭീതി വളര്‍ത്തുകയും ഇത് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

7.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഇന്ത്യയിലും നേപ്പാളിലുമായി 2500ലേറെപ്പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. നേപ്പാളിന് പറമെ ബിഹാര്‍, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു.