ന്യൂഡല്‍ഹി: കോവിഡ് രോഗികളെ കണ്ടെത്താന്‍ ആര്‍ടി-പിസിആര്‍ പരിശോധനകള്‍ വര്‍ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍, പരിശോധനകളുടെ എണ്ണം, മാസ്‌ക്കുകളുടെ ഉപയോഗം തുടങ്ങി നിയന്ത്രണങ്ങള്‍ വര്‍ധിപ്പിച്ചുകൊണ്ട് കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനം തടുക്കുക നിര്‍ണായകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന മുഖ്യമന്ത്രിമാരുമായുള്ള യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.  

മഹാമാരിയെ ഇപ്പോള്‍ തടഞ്ഞില്ലെങ്കില്‍ രാജ്യവ്യാപകമായി വീണ്ടും പടരാമെന്ന് അദ്ദേഹം പറഞ്ഞു. 'നിര്‍ണായകമായ നടപടികളിലൂടെ നമ്മള്‍ അടിയന്തരമായി കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനം തടയണം. കോവിഡിനെതിരായ പോരാട്ടത്തിലൂടെ നമ്മള്‍ ആര്‍ജിച്ച ആത്മവിശ്വാസം അമിത ആത്മവിശ്വാസമാകരുത്. നമ്മുടെ വിജയം അശ്രദ്ധയ്ക്ക് കാരണമാകരുത്. ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തിയുണ്ടാക്കാതെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം.'- അദ്ദേഹം പറഞ്ഞു. 

രോഗം കണ്ടെത്തുന്നതിനും രോഗികളെ ട്രാക്ക് ചെയ്യുന്നതിനുമായി ആര്‍ടി-പിസിആര്‍ പരിശോധനകള്‍ വര്‍ധിപ്പിക്കണമെന്നും ചെറുനഗരങ്ങള്‍ക്ക് ശ്രദ്ധ കൊടുക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 70 ശതമാനത്തിലധികം ആര്‍ടി-പിസിആര്‍ പരിശോധനകളായിരിക്കണം. ആന്റിജന്‍ പരിശോധനകളെ ആശ്രയിക്കരുതെന്ന് കേരളം, ഒഡീഷ, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ആദ്യ തരംഗം കാര്യമായി ബാധിക്കാത്ത നഗരങ്ങളെ കോവിഡ് ഇത്തവണ ബാധിച്ചേക്കാമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പു നല്‍കി. 'നഗരങ്ങളില്‍നിന്ന് ഗ്രാമങ്ങളിലേക്ക് വൈറസ് പടരാന്‍ അധികം സമയം വേണ്ട. ഇത് രാജ്യത്തിന്റെ ആരോഗ്യ പരിരക്ഷാ സംവിധാനത്തെ തകിടം തകിടം മറിക്കും.' ചില സംസ്ഥാനങ്ങള്‍ വാക്‌സിന്‍ പാഴാക്കുന്നതിനേയും പ്രധാനമന്ത്രി വിമര്‍ശിച്ചു.

Content Highlights: "Need To Stop Emerging 'Second Peak' Of Covid," PM Tells Chief Ministers