ന്യൂഡല്‍ഹി: കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരേ ഡല്‍ഹിയില്‍ നടക്കുന്ന കാര്‍ഷിക പ്രതിഷേധം പഞ്ചാബിന്റെ സമ്പദ് വ്യവസ്ഥയെ മാത്രമല്ല ദേശീയ സുരക്ഷയെയും അപകടത്തിലാക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. പ്രശ്‌നപരിഹാരത്തിന് ഇരുപക്ഷവും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

" കര്‍ഷകരും കേന്ദ്രവും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇതില്‍ എനിക്ക് പരിഹരിക്കാന്‍ ഒന്നുമില്ല. ആഭ്യന്തര മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഞാനെന്റെ എതിര്‍പ്പ് ആവര്‍ത്തിക്കുകയും എന്റെ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെയും രാജ്യത്തിന്റെ സുരക്ഷയെയും ബാധിക്കുന്നതിനാല്‍ പ്രശ്‌നം പരിഹരിക്കാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു." - അമരീന്ദര്‍ സിങ് പറഞ്ഞു. 

ഡല്‍ഹിയിലെത്തി അമിത് ഷായെ സന്ദര്‍ശിച്ച പഞ്ചാബ് മുഖ്യമന്ത്രി പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകരും സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള വഴികളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയെന്നാണ് വിവരം. എന്നാല്‍ അമരീന്ദര്‍ പ്രതിഷേധക്കാരെ പിന്തുണയ്ക്കുന്നുവെന്ന് ബിജെപി നേതാക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. 

പ്രതിഷേധം തുടരുന്ന കര്‍ഷകരുടെ പ്രതിനിധികളുമായി ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ രണ്ടാംവട്ടവും ചര്‍ച്ച നടത്തിയതിനിടയിലാണ് അമരീന്ദര്‍ അമിത് ഷായെ സന്ദര്‍ശിച്ചത്. ഇതിനിടയില്‍ പുതിയ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന് ഡല്‍ഹിയില്‍ പ്രതിഷേധം നയിക്കുന്ന കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. 

കര്‍ഷകരുടെ പ്രതിഷേധത്തെ പിന്തുണയ്ക്കുന്ന പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പാര്‍ട്ടിയും കേന്ദ്രത്തിന്റെ കാര്‍ഷിക നിയമത്തെ നിരാകരിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന നിയമസഭയില്‍ ബില്ലുകള്‍ പാസാക്കിയിരുന്നു. കേന്ദ്രവും കര്‍ഷകരും തമ്മിലുള്ള ചര്‍ച്ചയില്‍ താനും സര്‍ക്കാരും മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്നും അമരീന്ദര്‍  നേരത്തെ പറഞ്ഞിരുന്നു.

Content Highlights: "Nation's Security": Amarinder Singh Urges Amit Shah To Resolve Farmer Row