ന്യൂഡല്‍ഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം സന്ദേശങ്ങള്‍ കൈമാറുന്നതിനായി ഉപയോഗിക്കുന്ന കോഡുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും രാജ്യ തലസ്ഥാനമായ ഡല്‍ഹിയുടേയും പേരുകള്‍. കവര്‍ച്ചാ കേസില്‍ താനെ പോലീസിന്റെ പിടിയിലായ ദാവൂദിന്റെ സഹോദരന്‍ ഇഖ്ബാല്‍ കസ്‌കറില്‍ നിന്നാണ് രഹസ്യ കോഡുകള്‍ പുറത്തായത്. 

ദാവൂദിന്റെ ഇളയ സഹോദരനായ കസ്‌കര്‍ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റിലായത്‌

ദാവൂദ് ഇബ്രാഹിം ഒളിവിലിരുന്ന് രഹസ്യ സന്ദേശങ്ങളിലൂടെയാണ് ഡി കമ്പനിയുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഛോട്ടാ ഷക്കീലിനെ മോദിയെന്നും കറാച്ചിയെ ഡല്‍ഹിയെന്നുമൊക്കെയാണ് ഇവര്‍ വിശേഷിപ്പിക്കുക. ദാവൂദിനെ ബഡെയുന്നും പോലീസ് വാഹനത്തിന് ഡബ്ബയെന്നും വിളിക്കുമെന്ന് ഇഖ്ബാല്‍ കസ്‌കര്‍ പോലീസിനോട് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദാവൂദും മറ്റൊരു സഹോദരന്‍ അനീസ് ഇബ്രാഹീമും പാക്‌സിതാനില്‍ ഉണ്ടെന്ന് കസ്‌കര്‍ സമ്മതിച്ചിട്ടുണ്ട്. ഒരു രേഖകളുമില്ലാതെ ഇവര്‍ ദുബായിലേക്ക് യാത്ര നടത്തിയിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.