ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്കായി അപേക്ഷ ക്ഷണിച്ച് തമിഴ്നാട്ടില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍. ഭരണ കക്ഷിയായ എ.ഐ.എ.ഡി.എം.കെ., പ്രതിപക്ഷമായ ഡി.എം.കെ, കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം എന്നീ പാര്‍ട്ടികള്‍ മത്സരിക്കാന്‍ താത്പര്യമുള്ളവരില്‍നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. 15,000 മുതല്‍ 25,000 രൂപ വരെയാണ് വിവിധ കക്ഷികളുടെ അപേക്ഷാഫീസ്. 

കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം ഫെബ്രുവരി 21 മുതല്‍ അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷാഫീസ് 25,000 രൂപയാണ്. തുക പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും അപേക്ഷ സ്വീകരിച്ചാലും ഇല്ലെങ്കിലും ഇത് തിരിച്ചുനല്‍കില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു. ഇത് സത്യസന്ധമായ ജനാധിപത്യത്തിനുള്ള നിങ്ങളുടെ സംഭാവനയാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി അംഗങ്ങള്‍ക്കും അല്ലാത്തവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഓണ്‍ലൈനിലാണ് മക്കള്‍ നീതി മയ്യം അപേക്ഷ സ്വീകരിക്കുക. 

തമിഴ്‌നാട്, പുതുച്ചേരി, കേരളം എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള നേതാക്കള്‍ക്കും പാര്‍ട്ടി അംഗങ്ങള്‍ക്കും ഈമാസം 24 മുതല്‍ മാര്‍ച്ച് അഞ്ചുവരെ അപേക്ഷ സമര്‍പ്പിക്കാമെന്ന് എ.ഐ.എ.ഡി.എം.കെ നേതൃത്വം അറിയിച്ചു. രാവിലെ പത്തുമുതല്‍ വൈകീട്ട് അഞ്ചുവരെ ചെന്നൈ റോയപ്പേട്ടയിലെ പാര്‍ട്ടി ആസ്ഥാന ഓഫീസില്‍ അപേക്ഷാ ഫോറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫീസോടുകൂടി നല്‍കണം. തമിഴ്‌നാട്ടില്‍ അപേക്ഷാഫീസ് 15,000 രൂപയാണ്. പുതുച്ചേരിയില്‍ 5000 രൂപയും കേരളത്തില്‍ 2000 രൂപയുമാണ് അപേക്ഷാഫീസ്.

പാര്‍ട്ടി അംഗങ്ങള്‍ക്ക് 17 മുതല്‍ 24 വരെ അപേക്ഷ സമര്‍പ്പിക്കാമെന്ന് ഡിഎംകെ നേതൃത്വം അറിയിച്ചു. അപേക്ഷാ ഫോമിന് 1000 രൂപയാണ് വില. ജനറല്‍ സീറ്റിലേക്ക് 25,000 രൂപയാണ് അപേക്ഷാഫീസ്. വനിതകള്‍ക്കും സംവരണ സീറ്റുകളിലേക്കും 15,000 രൂപയാണ് ഫീസെന്നും പാര്‍ട്ടി പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ മണ്ഡലം ഘടകക്ഷിക്ക് നല്‍കിയാല്‍ തുക തിരുച്ചു നല്‍കും.

Content Highlights: 'MLA ticket for Rs 25,000'; Tamil Nadu parties invites applications from aspirants for Assembly elections