ന്യൂഡല്‍ഹി: എന്‍.സി.പി. തലവന്‍ ശരദ് പവാറും തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും കൂടിക്കാഴ്ച നടത്തി. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. 2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്ത്രങ്ങള്‍ മെനയാനുള്ള തയ്യാറെടുപ്പിലാണ് സംഘമെന്നാണ് സൂചനകള്‍. 

ജൂണ്‍ 11-ന് മുംബൈയിലെ ശരത് പവാറിന്റെ വീട്ടില്‍വെച്ച് നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഡല്‍ഹിയിലാണ് ഇക്കുറി ഇരുവരും യോഗം ചേര്‍ന്നത്. ബി.ജെ.പിയുമായുളള ബന്ധത്തില്‍ വിളളലുണ്ടായെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുളള തങ്ങളുടെ ബന്ധത്തിന് കോട്ടമൊന്നും സംഭവിച്ചിട്ടില്ലെന്ന ശിവസേന നേതാക്കളുടെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയാണ് കിഷോര്‍-പവാര്‍ കൂടിക്കാഴ്ച നടന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

2024-ല്‍ ബി.ജെ.പിയെ അടിതെറ്റിക്കാനുള്ള സാഹചര്യങ്ങള്‍ മുന്നിലുണ്ടെന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ വിലയിരുത്തല്‍. അതിനായി പ്രാദേശിക രാഷ്ട്രീയ ശക്തികളെയെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തി മുന്നോട്ട് പോവാനുള്ള നീക്കമാണ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ നടത്തുന്നത്. 12 പാര്‍ട്ടികളെയാണ് കിഷോര്‍ അണിനിരത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ശരദ് പവാറായിരിക്കും മഹാസഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്നും അഭ്യൂഹങ്ങളുണ്ട്.

Content Highlights: 'Mission 2024' on the Cards, Sharad Pawar, Prashant Kishor Meet for Second Time in 2 Weeks