ഭോപ്പാല്‍: മമത ബാനര്‍ജിയാണ് ഇന്ന് നമ്മുടെ രാജ്യത്തിന്റെ നേതാവെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ഏജന്‍സികളായ സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് എന്നിങ്ങനെ എല്ലാ എതിരാളികളേയും അവര്‍ പരാജയപ്പെടുത്തിയെന്നും കമല്‍നാഥ് അഭിപ്രായപ്പെട്ടു.

" തുടര്‍ച്ചയായ മൂന്നാം തവണയും അവര്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി. സമാനതകളില്ലാത്ത നിയമസഭാ തിരഞ്ഞെടുപ്പിലെ കടുത്ത പോരാട്ടത്തിന് ശേഷമാണ് അവര്‍ വിജയിച്ചെത്തിയത്‌" - കമല്‍ നാഥ് പറഞ്ഞു. 

കേന്ദ്രസര്‍ക്കാര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാര്‍, സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), ആദായനികുതി വകുപ്പ് എന്നിവയ്ക്കെതിരെ മമത ബാനര്‍ജിക്ക് പോരാടേണ്ടി വന്നുവെന്ന് കമല്‍ നാഥ് പറഞ്ഞു. എന്നിട്ടും അവര്‍ എല്ലാവരെയും പുറത്താക്കിയെന്നും അദ്ദേഹം പറഞ്ഞു.

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മോദിക്കെതിരെ മമതയെ പ്രതിപക്ഷത്തിന്റെ മുഖമായി ഉയര്‍ത്തിക്കാട്ടുമോ എന്ന ചോദ്യത്തിന് യുപിഎ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് കമല്‍നാഥ് പറഞ്ഞു. ഇക്കാര്യം ഇപ്പോള്‍ പറയാനാവില്ലെന്നും അത് യുപിഎ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: "Mamata Banerjee Is Leader Of Our Country Today": Congress's Kamal Nath