മുംബൈ: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മഹാരാഷ്ട്രയില്‍ മരിച്ചവരുടെ എണ്ണം 164 ആയതായി അധികൃതര്‍.  മണ്ണിടിച്ചിലുണ്ടായ റായ്ഗഡിലെ തലിയെ ഗ്രാമത്തിലെ തെരച്ചില്‍ അവസാനിപ്പിച്ചു. 53 പേരുടെ മൃതദേഹമാണ് ഇവിടെ നിന്ന് കണ്ടെത്തിയത്.  ഇനിയും കണ്ടെത്താനുള്ള 31 പേരും മരിച്ചിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍. പരിക്കേറ്റ അഞ്ച് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന എന്‍.എച്ച് 48ന്റെ ഒരു ലെയിന്‍ ഇന്ന് ഗതാഗതത്തിനായി തുറന്നുകൊടുത്തു. അവശ്യ സര്‍വീസ് നടത്തുന്ന വാഹനങ്ങളെ മാത്രമാണ് ഈ ലെയിനിലൂടെ അനുവദിക്കുന്നത്.  കോലാപ്പുര്‍ ജില്ലയില്‍ മാത്രം 42,000 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.

അതേസമയം സത്താറ ജില്ലയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി തിരിച്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഹെലികോപ്റ്റര്‍ ഇറക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പൂണെയിലേക്ക് മടങ്ങി.  ദേശീയ ദുരന്തനിവാരണ സേനയുടെ നിരവധി ടീമുകളെ വെള്ളപ്പൊക്കം ബാധിച്ച മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ 2.30 ലക്ഷം ആളുകളെയാണ് മാറ്റി പാര്‍പ്പിച്ചത്.

പേരിനും പ്രശസ്തിക്കും വേണ്ടി ഒരു ദുരിതാശ്വാസ പ്രഖ്യാപനവും നടത്താന്‍ തത്കാലം ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൊത്തം സ്ഥിതിഗതികള്‍ പരിശോധിച്ച് വിലയിരുത്തിയ ശേഷം മാത്രമേ പ്രഖ്യാപനങ്ങളുണ്ടാകൂ. സംസ്ഥാനത്തെ വെള്ളപ്പൊക്കം ബാധിക്കുന്ന പ്രദേശങ്ങളില്‍ ശാശ്വതമായ പരിഹാരത്തിനുള്ള പോംവഴികളും ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Maharashtra flood, death toll rises to 164