ന്യൂഡല്‍ഹി: കെ.എം.മാണി അഴിമതിക്കാരനെന്ന പരാമര്‍ശം സുപ്രീംകോടതിയില്‍ തിരുത്തി സംസ്ഥാന സര്‍ക്കാര്‍. അന്നത്തെ സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം നടന്നത് എന്നാണ് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ സുപ്രീംകോടതിയില്‍ ഇന്ന് അറിയിച്ചത്. 

അഴിമതിക്കാരാനായ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം നടന്നതെന്നായിരുന്നു നിയമസഭാ കൈയാങ്കളി കേസില്‍ ആദ്യം വാദം നടന്നപ്പോള്‍ സംസ്ഥന സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞത്. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് വലിയ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. 

സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ കെ.എം.മാണിക്കെതിരെ നടത്തിയ അഴിമതിക്കാരന്‍ എന്ന പരാമര്‍ശത്തില്‍ എല്‍ഡിഎഫ് സഖ്യകക്ഷിയായ കേരള കോണ്‍ഗ്രസ് എമ്മിന് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ ഒരു പരസ്യമായി ഇതിനെ എതിര്‍ത്തിരുന്നില്ല. മാണി അഴിമതിക്കാരനാണെന്ന് സംസ്ഥാന സര്‍ക്കാരിന് അഭിപ്രായമില്ലെന്ന് സിപിഎം നേതാക്കള്‍ വിശദീകരിച്ചതോടെ കേരള കോണ്‍ഗ്രസ് നേതാക്കള്‍ അയയുകയായിരുന്നു. എന്നാല്‍ പ്രതിപക്ഷമിത് വലിയ ചര്‍ച്ചയാക്കിയിരുന്നു.

ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രതിപക്ഷത്തെ വനിതാ അംഗങ്ങള്‍ക്ക് നേരെ കൈയേറ്റ ശ്രമമുണ്ടായി. ഈ ഘട്ടത്തിലാണ് സംഘര്‍ഷം രൂക്ഷമായതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഇതിനിടെ ഏതെങ്കിലും ഒരു അംഗം സഭയില്‍ തോക്ക് ചൂണ്ടിയാല്‍ ആ അംഗത്തിന് എന്ത് പരിരക്ഷയാണ് ലഭിക്കുകയെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ചോദിച്ചു. കൈയാങ്കളില്‍ നിയമസഭാ അംഗങ്ങള്‍ക്ക് പൂര്‍ണ്ണ പരിരക്ഷയുണ്ടെന്ന് നേരത്തെ സര്‍ക്കാര്‍ പറഞ്ഞ പശ്ചാത്തലത്തിലാണ് കോടതിയുടെ ചോദ്യം. പൊതുജനതാത്പര്യാര്‍ഥമായിരുന്നോ സംഘര്‍ഷമെന്നാണ് ബെഞ്ചിലെ മറ്റൊരംഗം ജസ്റ്റിസ്.എം.ആര്‍.ഷാ ചോദിച്ചത്. സുപ്രീംകോടതിയില്‍ വാദം തുടരുകയാണ്.

സഭാ സംഘര്‍ഷത്തിലെ കേസ് പിന്‍വലിക്കുന്നത് തള്ളിയ ഹൈക്കോടതി വിധിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റേയും പ്രതികളുടേയും അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

Content Highlight: 'KM Mani is not corrupt'; Kerala Govt in Supreme Court