ദോഹ: നൈപുണ്യ വികസനം, വിദേശ നിക്ഷേപവുമുള്‍പ്പടെയുള്ള ഏഴ് കരാറുകളില്‍ ഇന്ത്യയും ഖത്തറും ഒപ്പുവച്ചു. കരാര്‍ പ്രകാരം ഇന്ത്യയുടെ അടിസ്ഥാനസൗകര്യ വികസന നിധിയില്‍ ഖത്തര്‍ നിക്ഷേപം നടത്തും. 40,000 കോടി രൂപയുടെ ഈ വികസന നിധി കഴിഞ്ഞ വര്‍ഷമാണ് കേന്ദ്രസര്‍ക്കാര്‍ രൂപവല്‍കരിച്ചത്.

നൈപുണ്യ വികസനം , വിനോദ സഞ്ചാരം, കസ്റ്റംസ്, ആരോഗ്യം, കായികം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളുടെയും സഹകരണമുറപ്പാക്കുന്നതാണ് മറ്റ് കരാറുകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ താനിയുടെയും സാന്നിധ്യത്തിലാണ് കരാറുകള്‍ ഒപ്പുവച്ചത്.

ഖത്തറിലെത്തിയ പ്രധാനമന്ത്രിയുടെ ആദ്യത്തെ പരിപാടി വ്യവസായ പ്രമുഖരുമായുള്ള കൂടിക്കാഴ്ചയായിരുന്നു. ഇന്ത്യ അവസരങ്ങളുടെ നാടാണെന്ന് വ്യവസായികളുമായുള്ള കൂടിക്കാഴ്ചയില്‍ മോദി അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യ അവസരങ്ങളുടെ നാടാണെന്നും,  എല്ലാവരെയും താന്‍ അവിടേക്ക് ക്ഷണിക്കുകയാണെന്നും മോദി പറഞ്ഞു.

ഖത്തറില്‍ എത്തിയ പ്രധാന മന്ത്രിയുടെ ആദ്യത്തെ ഔദ്യോഗിക പരിപാടിയാണ് വ്യവസായികളുമായുള്ള കൂടിക്കാഴ്ചയെന്ന് വിദേശ കാര്യ വക്താവ് വികാസ് സ്വരൂപ് ട്വീറ്റ് ചെയ്തിരുന്നു. 2008 ല്‍ മന്‍മോഹന്‍സിങ്ങിനു ശേഷം ഖത്തറിലെത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. ഇന്ന് വൈകിട്ട് അദ്ദേഹം സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് യാത്രതിരിക്കും.