ന്യൂഡല്‍ഹി: ഇന്ത്യ പാകിസ്താനുമായി സൗഹാര്‍ദപരമായ ബന്ധം ആഗ്രഹിക്കുന്നുണ്ടെങ്കിലും ഭീകരതയും ശത്രുതയും ഇല്ലാത്ത വിശ്വാസത്തിന്റേതായ അന്തരീക്ഷണം അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താന്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാന് എഴുതിയ കത്തില്‍ പറഞ്ഞു. പാകസ്താന്‍ ദിനത്തോടനുബന്ധിച്ച് പാകിസ്താനിലെ ജനങ്ങള്‍ക്ക് ആശംസയര്‍പ്പിച്ചുകൊണ്ടാണ് മോദി ഇമ്രാന്‍ ഖാന് കത്തെഴുതിയത്. 

'ഒരു അയല്‍രാജ്യമെന്ന നിലയില്‍, ഇന്ത്യ പാകിസ്താനിലെ ജനങ്ങളുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു. ഇതിനായി, ഭീകരതയും ശത്രുതയും ഇല്ലാത്ത വിശ്വാസത്തിന്റെ അന്തരീക്ഷം അനിവാര്യമാണ്,' അദ്ദേഹം പറഞ്ഞു. കോവിഡ്-19 വെല്ലുവിളികളെ നേരിടാന്‍ ഇമ്രാന്‍ ഖാന്‍, പാകിസ്താലെ ജനത എന്നിവര്‍ക്ക് പ്രധാനമന്ത്രി മോദി ആശംസകള്‍ അറിയിച്ചു. എല്ലാവര്‍ഷവും അയക്കുന്ന പതിവ് കത്തിണിതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 

ഇതിനിടയില്‍ ഇന്ത്യ-പാക് ബന്ധത്തില്‍ പോസിറ്റീവായ മുന്നേറ്റത്തിന്റെ സൂചനകളും വരുന്നുണ്ട്. നേരത്തെ സിന്ധു കമ്മീഷന്റെ യോഗത്തിനായി തിങ്കളാഴ്ച പാകിസ്താന്‍ ഉദ്യോഗസ്ഥരുടെ ഒരു സംഘം ഇന്ത്യയിലെത്തിയിരുന്നു. രണ്ടര വര്‍ഷത്തിനിടെ ഇത്തരത്തിലുള്ള ആദ്യ ചര്‍ച്ചയാരുന്നു ഇത്. 

Content Highlights: "India Desires Cordial Relations," PM Modi Writes To Imran Khan