ന്യൂഡല്‍ഹി: രാജസ്ഥാനിലെയും തെലങ്കാനയിലെയും വോട്ടെടുപ്പ് അവസാനിച്ചാലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. 'മോദിയുടെ ഇന്ത്യ'യില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ (ഇ.വി.എം) ക്ക് നിഗൂഢ ശക്തിയുണ്ടെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആരോപിച്ചു.

രണ്ട് സംസ്ഥാനങ്ങളിലെയും ഓരോ പോളിങ് ബൂത്തുകളിലെയും പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ വിജയം ഉറപ്പാക്കാന്‍ എല്ലാ പരിശ്രമവും നടത്തണമെന്നും രാഹുല്‍ നിര്‍ദ്ദേശിച്ചു. 'മധ്യപ്രദേശിലെ വോട്ടിങ് യന്ത്രങ്ങള്‍ വിചിത്രമായാണ് പെരുമാറുന്നത്. ചിലര്‍ ബസ് തട്ടിയെടുക്കുകയും രണ്ട് ദിവസത്തേക്ക് അപ്രത്യക്ഷരാവുകയും ചെയ്തു. മറ്റുചിലരെ ഹോട്ടലില്‍ മദ്യപിച്ചിരിക്കുന്ന നിലയില്‍ കണ്ടെത്തി. മോദിയുടെ ഇന്ത്യയില്‍ വോട്ടിങ് യന്ത്രങ്ങള്‍ക്ക് നിഗൂഢ ശക്തികളാണുള്ളത്.' -  രാഹുല്‍ ട്വീറ്റുചെയ്തു.

മധ്യപ്രദേശില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി 48 മണിക്കൂറുകള്‍ക്ക് ശേഷമാണ് വോട്ടിങ് യന്ത്രങ്ങള്‍ കളക്ഷന്‍ സെന്ററുകളില്‍ എത്തിയതെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അവയുടെ പശ്ചാത്തലത്തിലാണ് രാഹുല്‍ഗാന്ധിയുടെ വിമര്‍ശം.

Content highlights: EVMs Have Mysterious Powers, Rahul Gandhi