ന്യൂഡല്‍ഹി: മിന്നാലാക്രമണത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ അന്നത്തെ രാത്രിയെ ഓര്‍ത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'മൂന്ന് വര്‍ഷം മുമ്പ് ഇതുപോലൊരു സെപ്റ്റംബര്‍ 28, ആ രാത്രി മുഴുവന്‍ ഞാന്‍ ഉറങ്ങാതെ ഉണര്‍ന്നിരുന്നു. ഏത് നിമിഷവും ടെലിഫോണ്‍ ബെല്ലടിക്കുന്നതും കാത്തായിരുന്നു ഞാന്‍ ഉണര്‍ന്നിരുന്നത്'-മോദി പറഞ്ഞു. 

ഒരാഴ്ച നീണ്ട യുഎസ് സന്ദര്‍ശനത്തിന് ശേഷം ശനിയാഴ്ച രാത്രി ഡല്‍ഹിയില്‍ തിരിച്ചെത്തിയപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ ഒരുക്കിയ സ്വീകരണയോഗത്തിലായിരുന്നു പ്രധാനമന്ത്രി മിന്നാലാക്രമണം ഓര്‍ത്തെടുത്തത്. അന്നത്തെ രാത്രി ഓര്‍ത്തുകൊണ്ട്‌ ധീരരായ നമ്മുടെ സൈനികര്‍ക്ക് ഞാന്‍ അഭിവാദ്യമര്‍പ്പിക്കുന്നുവെന്നും മോദി പറഞ്ഞു.

19 സൈനികരുടെ മരണത്തിനിടയാക്കിയ ഉറി ഭീകരാക്രമണത്തിന് പിന്നാലെയായിരുന്നു നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ സൈന്യം പാക് ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ചത്. സെപ്റ്റംബര്‍ 29-ന് രാവിലെയാണ് മിന്നാലാക്രണം നടത്തിയതായി സൈന്യം അറിയിച്ചത്.

യുഎസ് സന്ദര്‍ശനം കഴിഞ്ഞ് ഡല്‍ഹി പാലം വിമാനത്താവളത്തില്‍ വന്നിറങ്ങിയ മോദിക്ക് വിമാനത്താവളത്തിന് പുറത്ത് ബിജെപി പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമാണ് നല്‍കിയത്.

'2014-ന് ശേഷം ഞാന്‍ ഇപ്പോഴാണ് യുഎന്നിലേക്ക്‌ പോയത്. അഞ്ച് വര്‍ഷത്തിന് ശേഷം അവിടെ എത്തിയപ്പോള്‍ വലിയ മാറ്റാണ് കാണാനായത്. ഇന്ത്യയോടുള്ള ആദരവും താത്പര്യവും ഗണ്യമായ വര്‍ധിച്ചു.' 130 കോടി ജനങ്ങളാണ് അതിന് കാരണമെന്നും സ്വീകരണ യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

Content Highlights: "I Didn't Sleep At All That Night"-Recalling the surgical strikes-PM Modi